കൊൽക്കത്ത: കേന്ദ്ര സർക്കാറിനെതിരെ വാക്സിൻ സർട്ടിഫിക്കറ്റിലും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ യുദ്ധം. രാജ്യമെങ്ങും വാക്സിൻ സ്വീകരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടം പതിച്ച സർട്ടിഫിക്കറ്റാണ് നൽകുന്നത്. എന്നാൽ, പശ്ചിമ ബംഗാളിൽ വാക്സിൻ സ്വീകരിച്ച 18 വയസ്സു മുതൽ 44 വയസ്സുവരെയുള്ളവരുടെ സർട്ടിഫിക്കറ്റിൽ മമത ബാനർജിയുടെ ചിത്രമാണ് പതിച്ചിരിക്കുന്നത്.
18 മുതൽ 44 വരെ പ്രായക്കാർക്ക് കേന്ദ്രം വാക്സിൻ നൽകുന്നില്ല. വാക്സിൻ നിർമാതാക്കളിൽനിന്ന് സംസ്ഥാനം നേരിട്ട് വാങ്ങിയാണ് കുത്തിവെക്കുന്നത്. പിന്നെന്തിനാണ് പ്രധാനമന്ത്രിയുടെ പടം പതിച്ച സർട്ടിഫിക്കറ്റ് നൽകുന്നതെന്നാണ് മമത സർക്കാർ ഉന്നയിക്കുന്ന ചോദ്യം. പഞ്ചാബും ഝാർഖണ്ഡും അയൽ സംസ്ഥാനമായ ഛത്തീസ്ഗഢും ഇൗ പ്രായക്കാർക്ക് നൽകിയ വാക്സിൻ സർട്ടിഫിക്കറ്റുകളിൽ സംസ്ഥാന മുഖ്യമന്ത്രിമാരുടെ ചിത്രമാണ് പതിച്ചിരിക്കുന്നതെന്നും ഇതിൽ വിവാദത്തിെൻറ ആവശ്യമില്ലെന്നുമാണ് ഭരണകക്ഷിയായ തൃണമൂൽ വക്താക്കൾ പറയുന്നത്.
അതേസമയം, വാക്സിെനടുത്ത 45 വയസ്സിന് മുകളിലുള്ളവർക്ക് പ്രധാനമന്ത്രി മോദിയുടെ പടമുള്ള സർട്ടിഫിക്കറ്റ് തന്നെയാണ് വിതരണം ചെയ്യുന്നതെന്നും അധികൃതർ പറഞ്ഞു.
മമത വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ലോകത്തിൽ ഇന്ത്യയടക്കം ആകെ അഞ്ച് രാജ്യങ്ങൾ മാത്രമാണ് വാക്സിൻ ഉൽപാദിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി രാജ്യത്തിെൻറ രക്ഷിതാവാണെന്നും അദ്ദേഹത്തിെൻറ ചിത്രം സർട്ടിഫിക്കറ്റിൽ നൽകുന്നത് അതുകൊണ്ടാണെന്നും ബി.െജ.പി എം.പി ഡോ. സുഭാഷ് സർക്കാർ ന്യായീകരിച്ചു.
അതേസമയം, മമതയുടെ പടം പതിച്ച സർട്ടിഫിക്കറ്റുമായി സംസ്ഥാനത്തിനു പുറത്തുപോകേണ്ടിവരുമ്പോൾ എന്തെങ്കിലും തടസ്സമുണ്ടാകുമോ എന്ന ആശങ്കയിലാണ് കുത്തിവെപ്പ് എടുത്തവർ. 18-44 പ്രായക്കാർക്ക് നൽകാനായി 150 കോടിയുടെ വാക്സിനാണ് സംസ്ഥാനം വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.