ഭർതൃമാതാവ് അനുവാദമില്ലാതെ തന്റെ മേക്കപ്പ് സെറ്റ് ഉപയോഗിക്കുന്നു; വിവാഹ മോചനം തേടി യുവതി

ആഗ്ര: ഭർതൃമാതാവ് തന്റെ മേക്കപ്പ് സെറ്റ് അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ ​തുടർന്ന് വിവാഹ മോചനം തേടി യുവതി. ഉത്തർപ്രദേശിലെ ആഗ്രക്കടുത്തുള്ള മാൽപുരയിലാണ് സംഭവം. മേക്കപ്പ് സെറ്റ് ഉപയോഗിക്കുന്നതിനെ ചൊല്ലി ഭർതൃമാതാവുമായി യുവതി തർക്കമുണ്ടായതോടെ ഭർത്താവ് ഇവരെയും സഹോദരിയെയും വീട്ടിൽനിന്ന് പുറത്താക്കിയിരുന്നു. യുവതിയെയും സഹോദരിയെയും എട്ട് മാസം മുമ്പാണ് ഒരേ വീട്ടിൽ താമസിക്കുന്ന സഹോദരന്മാർ വിവാഹം ചെയ്തത്.

യുവതിയുടെ അനുമതിയില്ലാതെ അവരുടെ മേക്കപ്പ് സെറ്റ് ഭർതൃമാതാവ് ഉപയോഗിക്കുന്നത് കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഭർതൃമാതാവ് ഉപയോഗിക്കുന്നതിനാൽ തനിക്ക് മേക്കപ്പ് ​ചെയ്യാതെ പരിപാടികൾക്ക് പോവേണ്ടി വന്നിരുന്നതായി യുവതി ആരോപിക്കുന്നു.

അമ്മായിയമ്മ വീട്ടിനുള്ളിലും മേക്കപ്പ് ഉപയോഗിക്കുമെന്നും ഇതിനെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നും യുവതി ആഗ്ര മാൽപുര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഭർതൃമാതാവ് വിവരം മകനെ അറിയിച്ചതോടെ ദമ്പതികൾ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും യുവതിയെയും സഹോദരിയെയും വീട്ടിൽനിന്ന് പുറത്താക്കുകയുമായിരുന്നു. രണ്ടുമാസമായി സഹോദരിമാർ അമ്മയുടെ വീട്ടിലാണ് താമസം. ഭർത്താവ് തന്റെ ഭാഗം കേൾക്കാൻ തയാറാകുന്നില്ലെന്നും മാതാവിനെ പിന്തുണക്കുകയാണ് ചെയ്യുന്നതെന്നും തന്നെ ഗാർഹിക പീഡനത്തിനിരയാക്കുന്നതിനാൽ വിവാഹ മോചനം വേണമെന്നും പൊലീസിന്റെ ഫാമിലി കൗൺസലിങ് സെന്ററിലെത്തിയ യുവതി ആവശ്യപ്പെട്ടു. യുവതിയെയും ഭർത്താവിനെയും ഒരുമിച്ചിരുത്തി പ്രശ്നപരിഹാരത്തിനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനായി ഇരുവരെയും മറ്റൊരു കൗൺസലിങ്ങിന് വിളിച്ചിട്ടുണ്ട്. 

Tags:    
News Summary - Mother-in-law uses her makeup set without permission; Young woman seeks divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.