ബംഗളൂരു: മൈസൂരു വികസന അതോറിറ്റി (മുഡ) മുഖേന നടന്ന ഭൂമി ഇടപാടിന്റെ പേരിൽ കേസ് നേരിടുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിന്തുണയുമായി ജെ.ഡി.എസ് കർണാടക കോർ കമ്മിറ്റി ചെയർമാൻ ജി.ടി.ദേവഗൗഡ എം.എൽ.എ രംഗത്ത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു എന്ന കാരണത്താൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെടുന്ന തന്റെ പാർട്ടി അധ്യക്ഷൻ എച്ച്.ഡി.കുമാര സ്വാമി ആദ്യം കേന്ദ്ര മന്ത്രി സ്ഥാനം ഒഴിയട്ടേയെന്ന് മൈസൂരു ദസറ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിൽ ഗൗഡ തുറന്നടിച്ചു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു എന്നതിന്റെ പേരിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി രാജിവെക്കേണ്ടതില്ല. മുമ്പ് എച്ച്.ഡി. കുമാര സ്വാമിക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ദേഹം കേന്ദ്ര മന്ത്രി സ്ഥാനം ഒഴിയുമോ? സിദ്ധരാമയ്യയോട് രാജിവെക്കാൻ ആവശ്യപ്പെടുമ്പോൾ അത് ചെയ്തു കാണിക്കട്ടെ. ഖനി, റിയൽ എസ്റ്റേറ്റുകാർ കർണാടക ഭരിച്ചത് ജനങ്ങൾ മറന്നിട്ടില്ല. സിദ്ധരാമയ്യ രാഷ്ട്രീയക്കാരനാണ്. പൊതുപ്രവർത്തനം അല്ലാതെ അദ്ദേഹത്തിന് മറ്റു ഏർപ്പാടുകളില്ല. ചില്ലുകൊട്ടാരത്തിൽ ഇരിക്കുന്നവർക്ക് സിദ്ധരാമയ്യയെ മനസ്സിലാവില്ല. ദീർഘകാലമായി എനിക്ക് അറിയാം. ജനമനസ്സിലും അദ്ദേഹം ഉണ്ട്. 135 എം.എൽ.എമാരുടെ പിന്തുണയോടെയാണ്സി ദ്ധരാമയ്യ മുഖ്യമന്ത്രിയായത്. ബി.ജെ.പിയോടൊപ്പം നിന്ന്കേ ന്ദ്ര മന്ത്രിയായ അവനോ അവളോ ആരുമാകട്ടെ യാഥാർഥ്യബോധത്തോടെ സംസാരിക്കണം.
മുഖ്യമന്ത്രിയുടെയും സർക്കാറിന്റേയും ജനസേവനമാണ് കേന്ദ്ര മന്ത്രി കാണേണ്ടത്. അല്ലാതെ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം പെട്ട കേസല്ല. ഭാര്യ ബി.എം. പാർവതിയിൽ നിന്ന് ‘മുഡ’ ഏറ്റെടുത്ത 3.16 ഏക്കറിന് പകരം നൽകിയ 14 പ്ലോട്ടുകളുടെ പേരിലാണ് സിദ്ധരാമയ്യയെ പ്രതി ചേർത്തത്. ഇത്രയും ഭൂമി പാർവതി മുഡക്ക് തിരിച്ചു നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ രാജിക്ക് തിടുക്കം കാട്ടുന്ന നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ പേരിലുമുണ്ട് എഫ്.ഐ.ആർ. മുൻ മുഖ്യമന്ത്രിമാരായ കെങ്കൽ ഹനുമന്തയ്യ, വീരേന്ദ്ര പാട്ടീൽ, രാമകൃഷ്ണ ഹെഗ്ഡെ, എച്ച്.ഡി. ദേവഗൗഡ, എസ്.എം.കൃഷ്ണ എന്നിവരുടെ ഭരണകാലം പ്രതിപക്ഷ നേതാക്കൾ എന്തുകൊണ്ടാണ് തമസ്കരിക്കുന്നത്? ഖനി കുംഭകോണവും റിയൽ എസ്റ്റേറ്റ് മാഫിയ ബന്ധവും അല്ലായിരുന്നു അവരുടേത്. കർണാടകയെ രാജ്യത്തിന് മാതൃകയാക്കിയ ഭരണമായിരുന്നു. ആ മഹിത ചരിതം തമസ്കരിക്കുന്നവർ സിദ്ധരാമയ്യയെ താറടിക്കുന്നതിൽ അത്ഭുതമില്ലെന്നും ജി.ടി. ദേവ ഗൗഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.