ന്യൂഡൽഹി: കേരളത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വ്യാജ ചാരക്കേസിൽ തെറ്റുകാ രായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി നിർദേശിക്കാൻ വിരമിച്ച ജഡ്ജി അധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. ചാരക്കേസിലെ പീഡനങ്ങൾക്ക് നഷ്ടപരിഹാരമായി െഎ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ കേരള സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീംകോടതി വിധിച്ചു.
പ്രമാദമായ ചാരക്കേസിന് കാൽ നൂറ്റാണ്ട് പൂർത്തിയാകുേമ്പാഴാണ് കേസിൽ കുടുക്കി വേട്ടയാടിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇരയായ നമ്പി നാരായണൻ നടത്തിയ നിയമപോരാട്ടം വിജയത്തിലെത്തിച്ച സുപ്രീംകോടതി വിധി. കേരള പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയൻ എന്നിവരെ കക്ഷി ചേർത്ത് സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചിെൻറ വിധി.
റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.കെ. ജെയിൻ അധ്യക്ഷനായ മൂന്നംഗ സമിതിയിൽ കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും ഒാരോ പ്രതിനിധികളെ നിർദേശിക്കണം. ഇരു സർക്കാറുകളും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനാണിത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സമിതിക്ക് കേരളത്തിലെവിടെയും യോഗം ചേരാം. സമിതിയുടെ ചെലവ് പൂർണമായും കേന്ദ്ര സർക്കാർ വഹിക്കണം. സമിതിക്കാവശ്യമായ ജീവനക്കാർ, സൗകര്യങ്ങൾ എന്നിവയും കേന്ദ്ര സർക്കാർ ലഭ്യമാക്കണം.
ഫൗസിയ ഹസൻ, മറിയം റഷീദ, ഡി. ശശികുമാർ, കെ. ചന്ദ്രശേഖർ, നമ്പി നാരായണൻ, സുധീർ കുമാർ ശർമ എന്നിവരെ പ്രതികളാക്കിയ ചാരക്കേസ് കേരള പൊലീസ് പൂർണമായും കെട്ടിച്ചമച്ചതാെണന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഇത് സാധാരണ കസ്റ്റഡിയും വിചാരണക്കുശേഷമുള്ള വിടുതലുമല്ല. സംസ്ഥാന സർക്കാർ അങ്ങേയറ്റം വൈകാരികമായി കൈകാര്യം ചെയ്യുകയും പിന്നീട് തുടർ അന്വേഷണത്തിന് സി.ബി.െഎക്ക് കൈമാറുകയും ചെയ്തതാണ്. ഭരണഘടനയുടെ 21ാം അനുഛേദം അനുവദിക്കുന്ന ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിെൻറ ഗുരുതരമായ ലംഘനമാണ് നമ്പി നാരായണൻ അടക്കമുള്ള ആറു പ്രതികളുടെ കാര്യത്തിലുണ്ടായത്. ദേശീയ മഹത്വമുണ്ടായിരുന്ന ഒരു ശാസ്ത്രജ്ഞനാണ് അതി കഠിനമായ അവഹേളനത്തിനിരയായത്. ആരെയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെക്കുന്ന, ഒന്നിനും വയ്യാത്ത കേരള പൊലീസിെൻറ സമീപനമാണ് ഇൗ അവഹേളനത്തിലേക്ക് നയിച്ചത്.
കേസിൽ നഷ്ടപരിഹാരമല്ല പരിഹാരമെന്ന് പരാതിക്കാരുടെ അഭിഭാഷകൻ അഡ്വ. വി. ഗിരി ബോധിപ്പിച്ചതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാലും, തെറ്റായ തടങ്കലും വിദ്വേഷത്തോടെയുള്ള േപ്രാസിക്യൂഷൻ നടപടിയും അതുമൂലം നമ്പി നാരായണൻ അനുഭവിച്ച നിന്ദയും മാനഹാനിയും കോടതിക്ക് കാണാതിരിക്കാനാവില്ല.
ഭൂതകാലത്തിലെ എല്ലാ തിളക്കങ്ങളോടും കൂടിയാണ് ലോകത്തിെൻറ നിന്ദയും വെറുപ്പും അദ്ദേഹം ഏറ്റുവാങ്ങിയത്. പരാതിക്കാർ അനുഭവിച്ച സഹനത്തിനും ഉത്കണ്ഠക്കും നഷ്ടപരിഹാരം അനിവാര്യമാണ്. ആ നിലക്ക് സംസ്ഥാന സർക്കാർ 50 ല ക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം. എട്ടാഴ്ചക്കകം ഇൗ തുക കൈമാറണം. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പരാതിക്കാർക്ക് തങ്ങളുടെ സിവിൽ കേസുമായി മുന്നോട്ടുപോകാം. ഇപ്പോൾ വിധിച്ച നഷ്ടപരിഹാരം കുടുതൽ നഷ്ടപരിഹാരത്തിനായുള്ള ചാരക്കേസിലെ ഇരകളുടെ നിയമപോരാട്ടത്തെ ബാധിക്കില്ല. നേരത്തേ 10 ലക്ഷമാണ് നമ്പി നാരായണന് നഷ്ടപരിഹാരം നൽകിയിരുന്നത്.
1994 ജനുവരി 20ന് വഞ്ചിയൂർ പൊലീസ് മറിയം റഷീദയെന്ന മാലിദ്വീപ് സ്വദേശിനിയെ സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ വിജയൻ വിദേശനിയമ പ്രകാരം അറസ്റ്റ് ചെയ്തതോെടയാണ് പ്രമാദമായ ചാരക്കേസിെൻറ തുടക്കം. ഡി.െഎ.ജി സിബി മാത്യൂസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തുടർന്ന് അന്വേഷണം സി.ബി.െഎക്ക് കൈമാറി. കേരള പൊലീസും കേന്ദ്ര ഇൻറജിലൻസ് ബ്യൂറോയും മെനഞ്ഞ ചാരക്കേസിൽ മറ്റുള്ളവരെയും പ്രതിചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് അന്വേഷണം അവസാനിപ്പിച്ച് സി.ബി.െഎ സമർപ്പിച്ച റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.