മുംബൈ: മുംബൈ നഗരത്തോട് ചേർന്നുകിടക്കുന്ന മാൻഖുർദ്-ശിവജിനഗർ നിയമസഭ മണ്ഡലത്തിൽ ഇക്കുറി പോര് കടുക്കും. തുടർച്ചയായ നാലാമൂഴത്തിനിറങ്ങിയ സമാജ് വാദി പാർട്ടി മഹാരാഷ്ട്ര അധ്യക്ഷൻ അബു ആസ്മിയുടെ പ്രധാന എതിരാളി അജിത് പവാർ പക്ഷ എൻ.സി.പിയിലെ നവാബ് മാലികാണ്. മുൻ മന്ത്രി മാത്രമല്ല മുംബൈ നഗരത്തിലെ പ്രധാന മുസ്ലിം നേതാവുമാണ് മാലിക്. ഭരണമുന്നണിയായ മഹായുതിയുടെ ഭാഗമാണ് അജിത് എങ്കിലും നവാബ് മാലിക് പാതി പുറത്തും പാതി അകത്തുമാണ്.
‘അധോലോക ബന്ധ’ത്തിന്റെ പേരിൽ ജയിലിൽ കിടന്ന മാലികിനെ പിന്തുണക്കാൻ ബി.ജെ.പിയും ഷിൻഡെ പക്ഷ ശിവസേനയും തയാറല്ല. മാലികിനെ ഒഴിവാക്കാൻ അജിത്തിനുമാകില്ല. മാലികിന്റെ സിറ്റിങ് മണ്ഡലമായ അണുശക്തിനഗർ ബി.ജെ.പിയുടെ എതിർപ്പിനെ തുടർന്ന് മാലിക് കൈവിട്ടു. എന്നാൽ, മകൾ സനയാണ് അവിടെ സ്ഥാനാർഥി. തൊട്ടുപിന്നാലെ മാലിക് മാൻഖുർദ്-ശിവജിനഗറിൽ പത്രിക നൽകുകയായിരുന്നു.
ചതുഷ്കോണ മത്സരം നടന്ന 2014ൽ പോലും 9,000ത്തിലേറെ വോട്ടിന് അബു ആസ്മി ജയിച്ച മണ്ഡലമാണ് മാൻഖുർദ്-ശിവജിനഗർ. ഇത്തവണ മഹാവികാസ് അഘാഡിയുടെ പിന്തുണയുണ്ട് എന്നത് ആശ്വാസകരമാണ്. എങ്കിലും എതിരാളി നിസ്സാരനല്ല. താക്കറെയുടെയും ശിവസേനയുടെയും കടുത്ത എതിരാളിയായ അബു ആസ്മിക്ക് ഉദ്ധവ് പക്ഷക്കാർ എല്ലാം മറന്ന് വോട്ടുചെയ്യുമോ എന്നത് കണ്ടറിയണം. മാത്രമല്ല, നവാബ് മാലിക് ശരദ് പവാറിന്റെ വിശ്വസ്തനുമാണ്. ജയിൽ മോചനത്തിന് സഹായമായതിനാലാണ് അജിത്തിനൊപ്പം മാലിക് നിൽക്കുന്നതെന്നത് പാട്ടാണ്. ആരുടെ വോട്ടും എങ്ങോട്ടാകുമെന്ന് പ്രവചിക്കാനാകാത്ത അവസ്ഥയാണ് മാൻഖുർദ്-ശിവജി നഗറിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.