'ബി.ജെ.പിയെ തോൽപിക്കണം, തിരിച്ചൊന്നും ആഗ്രഹിക്കുന്നില്ല'-മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ തള്ളി തേജസ്വി യാദവ്

പട്‌ന: മുഖ്യമന്ത്രിയാകാൻ തനിക്ക് തിടുക്കമില്ലെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. വിഷയത്തെ കുറിച്ച് സംസാരിക്കുന്നത് ആർ.ജെ.ഡി നേതാക്കൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷത്തോടെ തേജസ്വി യാദവ് മുഖ്യമന്ത്രിയാകുമെന്ന ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ് സിങ്ങിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർ.ജെ.ഡി അധ്യക്ഷന്‍റെ പ്രസ്താവന ജെ.ഡി.യു നേതാക്കളെ അമ്പരപ്പിച്ചിരുന്നു.

"എനിക്ക് വ്യക്തിപരമായ ആഗ്രഹങ്ങളോ, മുഖ്യമന്ത്രിയാകാൻ തിടുക്കമോ ഇല്ല. തന്നെ പിന്തുണക്കുന്നവരുടെ പ്രസ്താവനകൾ അതിരുകടക്കുന്നുണ്ട്. ഭാവിയിൽ ആര് മുഖ്യമന്ത്രിയാകുമെന്ന് ചിന്തിക്കേണ്ട സമയമല്ല ഇത്"- തേജസ്വി യാദവ് പറഞ്ഞു. ഫാഷിസ്റ്റ് ശക്തിയായ ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുന്നതിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ബിഹാറിൽ അത് വിജയിച്ചു. ഇനി കേന്ദ്രത്തിൽ നിന്നും ബി.ജെ.പിയെ പുറത്താക്കേണ്ടതുണ്ട്. ആ ലക്ഷ്യം നേടുകയാണ് പ്രധാനം, വ്യക്തിപരമായി തിരിച്ചൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയാണ് മഹാസഖ്യമായ മഹാഗഡ്ബന്ധന്റെ നേതാവ്. തന്നെ പോലെ അദ്ദേഹവും ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്തിറക്കണെമന്നാണ് ആഗ്രഹിക്കുന്നതെന്നും പകരമായി മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും തേജസ്വി പറഞ്ഞു. നാമെല്ലാവരും അവസരത്തിനൊത്തുയരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023ൽ തന്‍റെ രാഷ്ട്രീയ പിൻഗാമിയായി നിതീഷ് കുമാർ തേജസ്വി യാദവിനെ പ്രഖ്യാപിക്കുമെന്ന് ജഗദാനന്ദ് സിങ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ജെ.ഡി.യുവും ആർ.ജെ.ഡിയും തമ്മിലുള്ള വിള്ളലിന്‍റെ സൂചനയാണിതെന്നും നിതീഷും ലാലു പ്രസാദ് യാദവും തമ്മിൽ സർക്കാർ രൂപവത്കരിക്കുന്നതിന് മുമ്പ് കരാറുണ്ടാക്കിയിരുന്നെന്നും ബി.ജെ.പി നേതാവും മുൻ സംസ്ഥാന ഉപമുഖ്യമന്ത്രിയുമായിരുന്ന സുശീൽ കുമാർ മോദി ആരോപിച്ചു.

Tags:    
News Summary - Not in a hurry to become CM of Bihar’: Tejashwi Yadav dismisses RJD’s speculations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.