ഭുവനേശ്വർ: ലോക്ഡൗണിൽ കുടുങ്ങിയ ആദിവാസി യുവാവ് വീട്ടിലെത്താൻ കൈക്കുഞ്ഞുങ്ങളെയും ചുമലിലെടുത്ത് ഏഴ് ദിവസം കൊണ്ട് നടന്നത് 160 കിലോമീറ്റർ. ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലക്കാരനായ രുപയ തുഡു എന്നയാൾക്കാണ് കുഞ്ഞുങ്ങളെയും ചുമലിലെടുത്ത് രാപ്പകൽ വ്യത്യാസമില്ലാതെ നടക്കേണ്ടി വന്നത്.
ജജ്പുർ ജില്ലയിലെ പനിക്കൊയിലി എന്ന സ്ഥലത്തെ ഇഷ്ടികച്ചൂളയിലാണ് രുപയ തുഡു ജോലി ചെയ്തിരുന്നത്. ഇയാൾക്കൊപ്പം ഭാര്യയും മൂന്ന് കുട്ടികളുമുണ്ടായിരുന്നു. ലോക്ഡൗൺ തുടങ്ങിയതോടെ ജോലി ഇല്ലാതായി. കൂലി കുടിശിക നൽകാൻ തൊഴിലുടമ തയാറായതുമില്ല. ഇതോടെയാണ് നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവന്നത്.
ആറ് വയസുകാരിയായ മകൾ പുഷ്പാഞ്ജലി അമ്മ മാത്രികയോടൊപ്പം നടന്നു. എന്നാൽ നാലും രണ്ടരയും വയസുള്ള കുഞ്ഞുങ്ങളെ എങ്ങനെ കൊണ്ടുപോകുമെന്ന് ആശങ്കയായി. ഇതോടെയാണ് ചുമലിലെടുത്ത് നടക്കാൻ രുപയ തുഡു തയാറായത്.
മുളവടിയുടെ രണ്ടറ്റത്തും ഓരോ കുട്ട കെട്ടി അതിൽ കുഞ്ഞുങ്ങളെ തുണിയിൽ പൊതിഞ്ഞ് കിടത്തുകയായിരുന്നു. കയ്യിൽ പൈസയില്ലാത്തത് കാരണമാണ് തനിക്ക് നാട്ടിലേക്ക് വരേണ്ടിവന്നതെന്ന് രുപയ പറയുന്നു. ഏഴ് ദിവസം നടന്നാണ് വെള്ളിയാഴ്ചയോടെ വീട്ടിലെത്തിയത്. ഇത്രയേറെ ദൂരം നടന്നത് ഏറെ പ്രയാസപ്പെട്ടാണ്. എന്നാൽ, ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു.
നാട്ടിലെത്തിയ കുടുംബം 21 ദിവസത്തെ ക്വാറന്‍റീനിൽ കഴിയുകയാണ്. എന്നാൽ, ഇവർക്ക് ഭക്ഷണം അധികൃതർ ലഭ്യമാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ബി.ജെ.ഡി നേതാക്കൾ ഇടപെട്ട് ഇവർക്ക് ഭക്ഷണമെത്തിച്ചത്.
828 പേർക്കാണ് ഒഡിഷയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.