ന്യൂഡൽഹി: പോളിങ് സ്റ്റേഷനുകളിൽ നിരവധി പരാതികൾ ഉയരുന്നുവെന്നും ഉദ്യോഗസ്ഥരാരും ഫോണെടുക്കുന്നില്ലെന്നും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.
'പോളിംഗ് ആരംഭിച്ച ദിവസം മുതൽ ഭരണം ആരുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് അറിയില്ല. എന്ത് ബ്രീഫിങ്ങാണ് ഇവർക്ക് നൽകിയത്? രാവിലെ മുതൽ തുടർച്ചയായി പരാതികൾ വരുന്നു. പൊലീസ് ആളുകളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ല. -അഖിലേഷ് പറഞ്ഞു.
ലോക് സഭാ ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന യു.പിയിലെ മെയിൻ പുരിയിൽ ഡിംപിൾ യാദവാണ് സമാജ്‍വാദി പാർട്ടിക്ക് വേണ്ടി മത്സരിക്കുന്നത്. ബി.ജെ.പി മുൻ എം.പി രഘുരാജ് സിങ് സഖ്യയാണ് എതിരാളി. ബി.ജെ.പി പണവും മദ്യവും ഒഴുക്കുന്നുവെന്ന് ഡിംപിൾ യാദവ് പരാതിപ്പെട്ടിരുന്നു.
മെയിൻപുരിയെ കൂടാതെ യു.പി നിയമസഭാ മണ്ഡലങ്ങളായ റാംപുർ സദർ, ഖട്ടൗലി എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
അഞ്ച് തവണയായി മുലായം സിങ് യാദവ് വിജയിച്ച മണ്ഡലമാണ് മെയിൻപുരി. അവസാന തെരഞ്ഞെടുപ്പിൽ വളരെ കുറഞ്ഞ മാർജിനിലാണ് മുലായം വിജയിച്ചത്. അതിനാൽ ഇത്തവണ സമാജ്‍വാദി പാർട്ടിക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം, പ്രചാരണത്തിനിടെ അഖിലേഷ് താനും അകന്നു നിൽക്കുന്ന അമ്മാവൻ ശിവ്പാൽ യാദവും ഐക്യത്തിലാണെന്ന് വ്യക്തമാക്കുന്ന തരത്തിൽ ശക്തി പ്രകടം നടത്തിയിരുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഐക്യദാർഢ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.