ഇന്ത്യക്കുള്ള എണ്ണവിഹിതം സൗദി അറേബ്യ വെട്ടിക്കുറച്ചു


ജിദ്ദ: ഒപെക് രാജ്യങ്ങള്‍ക്കിടയിലെ ധാരണയനുസരിച്ച് എണ്ണ ഉല്‍പാദനം കുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യക്കുള്ള വിഹിതം വെട്ടിക്കുറച്ചു. ഇന്ത്യയുള്‍പ്പെടെ ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള ഫെബ്രുവരി മാസത്തെ വിഹിതമാണ് സൗദി അരാംകോ കുറക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ മിത്തല്‍ എനര്‍ജി ലിമിറ്റഡ് എന്നീ ശുദ്ധീകരണ ശാലകള്‍ക്കുള്ള പ്രതിമാസ ക്വോട്ടയിലാകും കുറവു വരുത്തുകയെന്നാണ് സൂചന. എത്ര ശതമാനമാണ് കുറവെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. ഹെവി ക്രൂഡ് ഇനം എണ്ണയാണ് ഈ സ്ഥാപനങ്ങള്‍ക്ക് അരാംകോ നല്‍കുന്നത്.

ഗുജറാത്തിലെ ജാംനഗറിലാണ് റിലയന്‍സിന്‍െറ വമ്പന്‍ ശുദ്ധീകരണശാല പ്രവര്‍ത്തിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ ജാംനഗറിന്‍െറ പ്രതിദിന ശേഷി  6,68,000 ബാരലാണ്. ഹിന്ദുസ്ഥാന്‍ മിത്തല്‍ എനര്‍ജി ലിമിറ്റഡിന്‍െറ റിഫൈനറി പഞ്ചാബിലെ ഭട്ടിന്‍ഡയിലാണ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 1,017 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച പൈപ്പ്ലൈന്‍ വഴിയാണ് ഇവിടേക്ക് അസംസ്കൃത എണ്ണ എത്തിക്കുന്നത്. ഈ രണ്ടു ശുദ്ധീകരണ ശാലക്കുമുള്ള വിഹിതത്തില്‍ കുറവുവരുന്നത് ഇന്ത്യയിലെ ഊര്‍ജ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെകിന്‍െറ തീരുമാനമനുസരിച്ച് ജനുവരി മുതല്‍ സൗദി അറേബ്യയും ഉല്‍പാദനം നിയന്ത്രിച്ചുവരുകയാണ്. നിയന്ത്രണം പ്രാബല്യത്തില്‍വന്ന ആദ്യമാസം ഇന്ത്യക്കുള്ള വിഹിതം കുറച്ചിരുന്നില്ല. ഇപ്പോഴത്തെ ഉല്‍പാദനം പ്രതിദിനം ഒരുകോടി ബാരലിന് താഴെയാണെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി. ഒപെക് കരാര്‍ പ്രകാരം ഉല്‍പാദന നില ഫെബ്രുവരിയില്‍ ഇനിയും താഴ്ത്തുമെന്നും അദ്ദേഹം സൂചന നല്‍കി. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ റിഫൈനറികള്‍ക്കും മലേഷ്യന്‍ കമ്പനിയായ പെട്രോണസിനുമുള്ള വിഹിതം കുറക്കുകയാണെന്ന വിവരം പുറത്തുവന്നത്. മറ്റൊരു ദക്ഷിണേഷ്യന്‍ റിഫൈനറിയുടെ കൂടി വിഹിതം കുറക്കുമെന്ന് സൂചനയുണ്ടെങ്കിലും കമ്പനി ഏതാണെന്ന് വ്യക്തമായിട്ടില്ല.

ജനുവരി മാസത്തില്‍ ഏഷ്യയിലെ വിപണി വിഹിതം നിലനിര്‍ത്താന്‍ സൗദി അരാംകോ ഈ മേഖലയിലെ വിതരണം അതേപടി തുടര്‍ന്നിരുന്നു. മറ്റു മേഖലകളിലെക്കാളും ആദായകരമാണ് ഇവിടത്തെ വിതരണമെന്നതായിരുന്നു കാരണം. ഫെബ്രുവരിയില്‍ ദക്ഷിണേഷ്യന്‍ വിഹിതം കുറക്കുമ്പോഴും ഉത്തര ഏഷ്യന്‍ റിഫൈനറികള്‍ക്ക് കുറവ് വരുത്തിയിട്ടില്ളെന്നത് ശ്രദ്ധേയമാണ്. തുടര്‍ച്ചയായി രണ്ടാം മാസവും ഉത്തര ഏഷ്യന്‍ റിഫൈനറികള്‍ക്ക് അവരുടെ വിഹിതം ലഭിക്കുമെന്ന് ഇതോടെ ഉറപ്പായി. ഒരു റിഫൈനറിക്ക് കരാര്‍ വ്യവസ്ഥക്ക് പുറമേ അധികം എണ്ണ നല്‍കാനും തീരുമാനമായിട്ടുണ്ടെന്ന് അറിയുന്നു. ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍ എന്നിവക്കുള്ള വിഹിതവും അതേപടി തുടരും.

Tags:    
News Summary - oil trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.