ബി.ജെ.പിക്കെതിരെ 450 ലോക്സഭ മണ്ഡലങ്ങളിൽ പൊതുസ്ഥാനാർഥിയെ നിർത്താൻ പ്രതിപക്ഷം

പട്ന: ജൂൺ 23ന് ബിഹാറിലെ പട്നയിൽ നടക്കുന്ന പ്രതിപക്ഷ സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ടി.എം.സി നേതാവ് മമത ബാനർജി എന്നിവർ പ​ങ്കെടുക്കും. ജൂൺ 12നായിരുന്നു യോഗം നടത്താൻ തീരുമാനിച്ചിരുന്നത്. പിന്നീടത് ജൂൺ 23ലേക്ക് മാറ്റുകയായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിർദേശത്തെ തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണ് സമ്മേളനം വിളിച്ചു ചേർത്തത്.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 450 സീറ്റുകളിലെങ്കിലും പൊതുസ്ഥാനാർഥിയെ നിർത്തി പ്രതിപക്ഷ വോ​ട്ടുകൾ ഏകീകരിക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ചില സംസ്ഥാനങ്ങളിൽ ബി.ജെ.പിക്കെതിരെ മത്സരിക്കുന്ന പ്രാദേശിക പാർട്ടികളെ കോൺഗ്രസ് പിന്തുണക്കും. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ പാർട്ടി നേരിട്ട് ബി.ജെ.പിയെ നേരിടും.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരും സമ്മേളനത്തിനെത്തും. പതിറ്റാണ്ടുകളായി തന്റെ കടുത്ത രാഷ്ട്രീയ എതിരാളികളായ ഇടതുമുന്നണി നേതാക്കളുമായും മമത ബാനർജി വേദി പങ്കിടും.

തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ശിവസേന (ഉദ്ധവ് വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജനതാദൾ (യു) ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ പറഞ്ഞു.

പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചു പോകുന്നത് തടയാൻ ഒരു മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ ഒരു പ്രതിപക്ഷ സ്ഥാനാർഥിയെ മാത്രം മത്സരിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം.

Tags:    
News Summary - Opposition meeting on June 23 in Patna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.