അട്ടാരി: ജന്മനാട്ടിൽ തിരിെച്ചത്തിയതിന്റെ അത്യാഹ്ലാദത്തിൽ എന്തുചെയ്യണെമന്നറിയാത്ത അവസ്ഥയിലായിരുന്നു അവർ 20 പേർ. രാജ്യത്തിന്‍റെ സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 20 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് തിങ്കളാഴ്ച പാകിസ്താൻ വിട്ടയച്ചത്. പാകിസ്താൻ ആസ്ഥാനമായ ഈദി ഫൗണ്ടേഷന്‍റെ നിയമസഹായത്തോടെയാണ് മോചനം സാധ്യമായത്. നാലുവർഷമായി ജയിലിൽ കഴിയുന്നവരും കൂട്ടത്തിലുണ്ടായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ കരമാർഗം അട്ടാരി അതിർത്തിയിലൂടെയാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് അട്ടാരി അതിർത്തിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. അതിർത്തിയിലേക്ക് കാലെടുത്തു വെച്ച നിമിഷം അവർ മുട്ടുകുത്തി ഇന്ത്യൻ മണ്ണിൽ ചുംബിച്ചു. അമൃത്സറിൽ ഒരു രാത്രി തങ്ങിയ ശേഷം ചൊവ്വാഴ്ച ഗുജറാത്തിലെ സ്വന്തം നാട്ടിലേക്ക് മടങ്ങും. എല്ലാവരെയും കോവിഡ് പരിശോധന ഉൾപ്പെടെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
അറബിക്കടലിലെ സമുദ്രാതിർത്തിയിലൂടെ ബോട്ടുകൾ പാകിസ്താനിലേക്ക് പ്രവേശിച്ചതിനാണ് ഇവർ പിടിയിലായത്. കറാച്ചി മാലിറിലെ ലാന്ധി ജില്ലാ ജയിലിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്. ഇവിടെ നിന്ന് ഈദി ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ റോഡ് മാർഗം ലാഹോറിലേക്ക് പോയി. നാട്ടിലേക്ക് മടങ്ങാൻ സഹായിച്ച ഈദി ഫൗണ്ടേഷനോട് മത്സ്യത്തൊഴിലാളികൾ നന്ദി പറഞ്ഞു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നൽകിയ 'എമർജൻസി ട്രാവൽ സർട്ടിഫിക്കറ്റിന്റെ' അടിസ്ഥാനത്തിലാണ് ഇവർ ഇന്ത്യയിൽ പ്രവേശിച്ചത്.
സമുദ്രാതിർത്തി ലംഘിച്ചതിന് പാകിസ്താനും ഇന്ത്യയും എതിർ രാജ്യങ്ങളിലെ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് പതിവാണ്. ഈ വർഷം തുടക്കത്തിൽ ഇന്ത്യയും പാകിസ്താനും പരസ്പരം കൈമാറ്റം ചെയ്ത തടവുകാരുടെ പട്ടിക പ്രകാരം 51 സാധാരണക്കാരും 577 മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 628 ഇന്ത്യക്കാരാണ് പാകിസ്താനിൽ തടവിലായത്. 282 സാധാരണക്കാരും 73 മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 355 പാകിസ്താൻകാർ ഇന്ത്യയിലും തടവിൽ കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.