ഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെ.ഡി.എസ് പരമാധികാരിയും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ. കർണാടക നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള പാർട്ടി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പാർലമെന്റ് നിർമിച്ചത്. ബഹിഷ്‍കരിക്കാൻ അത് ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ ഓഫിസ് അല്ല, രാജ്യത്തിന്റെ സ്വത്താണ്. ഇത് ആരുടെയും വ്യക്തിപരമായ പരിപാടിയല്ല, രാജ്യത്തിന്റെ പരിപാടിയാണ്. ബി.ജെ.പിയുമായി രാഷ്ട്രീയപരമായി നിരവധി വിയോജിപ്പുകൾ ഉണ്ടെങ്കിലും പാർലമെന്റിന്റെ ഉദ്ഘാടനത്തിൽ രാഷ്ട്രീയം കലർത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയെ അവഗണിച്ച് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടക്കമുള്ള 21 പ്രതിപക്ഷ പാർട്ടികൾ 28ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് ബഹിഷ്‍കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വി.ഡി സവർക്കറിന്റെ ജന്മദിനത്തിൽ ഉദ്ഘാടനം നടത്തുന്നതിനെതിരെയും വിമർശനമുയർന്നിരുന്നു.
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലെ ബഹിഷ്കരണം ശരിയല്ലെന്നായിരുന്നു ബി.എസ്.പി നേതാവ് മായാവതിയുടെയും പ്രതികരണം. കേന്ദ്രസർക്കാരാണ് പാർലമെന്റ് നിർമിച്ചത്. അത് ഉദ്ഘാടനം ചെയ്യാൻ അവർക്ക് അവകാശമുണ്ട്. വ്യക്തിപരമായ തിരക്ക് കാരണം തനിക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്നും മായാവതി പറഞ്ഞിരുന്നു.
ഉദ്ഘാടന ചടങ്ങിന് മൂന്ന് പാർട്ടികൾ കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. തെലുങ്കുദേശം പാർട്ടി (ടി.ഡി.പി), വൈ.എസ്.ആർ കോൺഗ്രസ്, ബിജു ജനതാദൾ എന്നിവയാണ് എൻ.ഡി.എക്ക് പുറത്തുനിന്ന് ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.