പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദർശനം: വരവേൽപ്പും പ്രതിഷേധവും

ചെന്നൈ: പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദർശനത്തോടനുബന്ധിച്ച്​ വരവേൽപ്പും പ്രതിഷേധവും. ഡി.എം.കെ സർക്കാർ അധികാരത്തിലേറിയതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമായിരുന്നു ഇത്​.

വ്യാഴാഴ്ച വൈകീട്ട്​ അഞ്ച്​ മണിയോടെയാണ്​ ഹൈദരാബാദിൽനിന്ന്​ പ്രത്യേക വിമാനത്തിൽ മോദി ചെന്നൈയിലെത്തിയത്​. പിന്നീട്​ നെഹ്​റു സ്​റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ 31,400 കോടിയുടെ 11 വികസന പദ്ധതികൾക്ക്​ തുടക്കമിട്ടു. തമിഴ്​നാട്​ ഗവർണർ ആർ.എൻ രവിയും മുഖ്യമന്ത്രി എം.കെ സ്റ്റാലിനും സംബന്ധിച്ചു.

മോദിയുടെ തമിഴക സന്ദർശനത്തെ സ്വാഗതം ചെയ്തും എതിർത്തും 'വണക്കം മോദി', 'മോദി ഗോബാക്​' തുടങ്ങിയ ഹാഷ്​ടാഗുകളും സാമുഹിക മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി.

മോദിക്കെതിരായി 'മോദി ഗോബാക്​' എന്നെഴുതിയ ഭീമൻ കറുത്ത ബലൂണുകൾ ആകാശത്തേക്ക്​ പറത്തിവിടാനുള്ള വിവിധ തമിഴ്​ സംഘടനാ പ്രവർത്തകരുടെ നീക്കം പൊലീസ്​ തടഞ്ഞിരുന്നു. 'വണക്കം മോദി, വാങ്ക മോദി' എന്നെഴുതിയ കൂറ്റൻ ഹീലിയം ബലൂണുകൾ പറപ്പിക്കാനുള്ള ബി.ജെ.പി പ്രവർത്തകരുടെ പരിപാടിക്കും പൊലീസ്​ അനുമതി നിഷേധിച്ചു.

ചെന്നൈ അഡയാറിൽനിന്ന്​ നെഹ്​റു സ്​റ്റേഡിയം വരെ പ്രധാനമന്ത്രി കടന്നുവരുന്ന അഞ്ച്​ കിലോമീറ്റർ ദൂരം വരുന്ന റൂട്ടിൽ പരമ്പരാഗത വാദ്യഘോഷങ്ങളും നൃത്ത കലാരൂപങ്ങളുമായാണ്​ ബി.ജെ.പി പ്രവർത്തകർ വരവേറ്റത്​. ചില സ്ഥലത്ത്​ കാർ നിർത്തി മോദി കൈവീശി പ്രവർത്തകർക്ക്​ അഭിവാദ്യമർപ്പിച്ചു. കേന്ദ്രമന്ത്രി എൽ. മുരുകന്‍റെ സ്വാഗത പ്രസംഗത്തിനിടെ സ്റ്റാലിന്‍റെ പേര്​ പറഞ്ഞപ്പോൾ ഉണ്ടായ നീണ്ടകരഘോഷം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

നെഹ്​റു സ്​റ്റേഡിയത്തിന്​ സമീപം ഡി.എം.കെ പ്രവർത്തകർ മുഖ്യമന്ത്രി സ്റ്റാലിനും ബി.ജെ.പി പ്രവർത്തകർ മോദിക്കും അനുകൂലമായി മുദ്രാവാക്യംവിളിച്ചത്​ സംഘർഷത്തിനിടയാക്കി. പിന്നീട്​ ഇരുകൂട്ടരെയും പൊലീസ്​ ഇടപ്പെട്ട്​ ശാന്തരാക്കി. മോദിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിടുതലൈ ശിറുതൈകൾ കക്ഷി, സി.പി.എം, സി.പി.ഐ എന്നിവയുടെ ആഭിമുഖ്യത്തിൽ മെയ്​ 25 മുതൽ 31 വരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. 20,000ത്തോളം പൊലീസുകാരെയാണ്​ പ്രധാനമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത്​.

Tags:    
News Summary - PM Modi visit in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.