പ്രധാനമന്ത്രിയെ വധിക്കാൻ പോപുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് ഇ.ഡി

ന്യൂഡൽഹി: പോപുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പോപുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്നാണ് ഇ.ഡി വെളിപ്പെടുത്തിയത്.

കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പി.എഫ്.ഐ പ്രവർത്തകൻ ഷഫീഖിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. യു.പിയിൽ നിന്നുള്ള ചില നേതാക്കളെയും വധിക്കാൻ നീക്കം നടന്നുവെന്നും ഇതിനായി പരിശീലനം നൽകിയെന്നും റിപ്പോർട്ടിലുണ്ട്. ജൂലൈയിൽ ബിഹാറിൽ നടന്ന റാലിക്കിടെയാണ് പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ടതെന്നും ഇ.ഡി വെളിപ്പെടുത്തി. റാലിക്കു മുമ്പും ഇത്തരത്തിലുള്ള പദ്ധതികൾ പി.എഫ്.ഐ ആസൂത്രണം ചെയ്തതായും ഇ.ഡി പറയുന്നു.

കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എൻ.ഐ.എയും ഇ.ഡിയും റെയ്ഡ് നടത്തിയത്.പോപുലര്‍ ഫ്രണ്ടിന്‍റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്.

കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത നേതാക്കളെയടക്കം ചോദ്യം ചെയ്യുന്നത് എൻ.ഐ.എ ആസ്ഥാനത്ത് തുടരുകയാണ്. എൻ.ഐ.എ ഡയറക്ടർ ജനറൽ ധിൻങ്കർ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുന്നത്. നാല് ദിവസമാണ് ചോദ്യംചെയ്യാനായി ഡൽഹി പട്യാല ഹൗസ് കോടതി അനുവദിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് എൻ.ഐ.എ കോടതിയെ സമീപിക്കും. പോപുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ. സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്‍റ് സി.പി. മുഹമ്മദ് ബഷീർ തുടങ്ങിയവരെയാണ് ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്.  

Tags:    
News Summary - Popular Front had conspired to assassinate the Prime Minister says ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.