‘പിതാവ് പ്രണബ് മുഖർജി മരിച്ചത് കോവിഡ് കാലത്ത്, കടുത്ത നിയന്ത്രണമുണ്ടായിരുന്നു’; ശർമിഷ്ത മുഖർജിയെ തള്ളി സഹോദരൻ അഭിജിത് മുഖർജി

ന്യൂഡൽഹി: മുൻ രാഷ്ട്രപതിയും മുതിർന്ന നേതാവുമായ പ്രണബ് മുഖർജി മരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതിയോഗം വിളിക്കാത്ത തീരുമാനത്തെ വിമർശിച്ച ശർമിഷ്ത മുഖർജിയെ തള്ളി സഹോദരൻ അഭിജിത് മുഖർജി. കോവിഡ് കാലത്താണ് പിതാവ് പ്രണബ് മുഖർജി മരിച്ചതെന്നും സ്വാഭാവികമായും കടുത്ത നിയന്ത്രണം ഉണ്ടായിരുന്നുവെന്നും അഭിജിത് മുഖർജി വ്യക്തമാക്കി.

പിതാവിന്‍റെ സംസ്കാര ചടങ്ങിൽ 20 പേർ മാത്രമാണ് പങ്കെടുത്തത്. വിലാപയാത്രക്കുള്ള ഒരുക്കങ്ങൾ കോൺഗ്രസ് നടത്തിയെങ്കിലും അതിനുള്ള സാഹചര്യമില്ലായിരുന്നുവെന്നും അഭിജിത് മുഖർജി മാധ്യമങ്ങളോട് വിശദീകരിച്ചു.

മുൻ പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതിയോഗം ചേർന്ന് അനുശോചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രണബ് മുഖർജി മരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതിയോഗം വിളിക്കാത്തതിനെ മകൾ ശർമിഷ്ത മുഖർജി എക്സിലൂടെ വിമർശിച്ചത്.

'പ്രണബ് മുഖർജിയുടെ മരണത്തിന് ശേഷം കോൺഗ്രസ് വർക്കിങ് കമിറ്റി വിളിക്കണമെന്ന ചിന്ത ആർക്കുമുണ്ടായിരുന്നില്ലെന്ന് ശർമിഷ്ത മുഖർജി പറഞ്ഞു. 2020ലാണ് പ്രണബ് മുഖർജി അന്തരിച്ചത്. എന്നാൽ, അദ്ദേഹത്തിന് വേണ്ടി യോഗം വിളിക്കാൻ ആരുമുണ്ടായില്ല.

പിതാവ് മരിച്ചപ്പോൾ അനുശോചനം അറിയിക്കാനായി ആരും യോഗം വിളിച്ചില്ല. രാജ്യത്തിന്‍റെ നാല് പ്രസിഡന്‍റുമാർ മരിച്ചപ്പോഴും അതുണ്ടായില്ല. എന്നാൽ, പിന്നീട് പിതാവിന്‍റെ ഡയറിയിൽ നിന്ന് ഇത് തെറ്റാണെന്ന് മനസിലാക്കാൻ സാധിച്ചു. മുമ്പ് കെ.ആർ നാരായണൻ മരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി വിളിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തുവെന്ന് മനസിലായി.

മൻമോഹൻ സിങ്ങിന് വേണ്ടി മെമ്മോറിയൽ എന്നത് നല്ലൊരു ആശയമാണ്. ഭാരതരത്ന പുരസ്കാരം കൂടി മൻമോഹൻ അർഹിക്കുണ്ട്. തന്റെ പിതാവും മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണമെന്ന അഭിപ്രായക്കാരനായിരുന്നു. എന്നാൽ, അത് സംഭവിച്ചില്ല. എന്തുകൊണ്ടാണ് മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകാതിരുന്നതെന്ന് ഇപ്പോൾ പറയാനാകില്ല' -ശർമിഷ്ത വ്യക്തമാക്കി.

ഞായറാഴ്ച രാത്രി ഡൽഹി എയിംസിൽവച്ചാണ് ഡോ. മൻമോഹൻ സിങ് വിടപറഞ്ഞത്. ശനിയാഴ്ച കോൺഗ്രസ് ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി നിഗം ബോധ് ഘട്ടിലെത്തിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

Tags:    
News Summary - Pranab Mukherjee Death: Brother Abhijit Banerjee rejected Sharmistha Mukherjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.