ന്യൂഡൽഹി: കോൺഗ്രസുമായി നടത്തിയ ചർച്ചകൾ അലസിപ്പിരിഞ്ഞ ശേഷം പ്രശാന്ത് കിഷോർ തങ്ങൾക്കൊപ്പമുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയിൽ തൃണമൂലിന് വേണ്ടിയുള്ള പ്രവർത്തനം തുടരുമെന്നും മമത വ്യക്തമാക്കി.
തൃണമൂലുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന പ്രശാന്ത് കിഷോർ പശ്ചിമ ബംഗാളിലെ തകർപ്പൻ ജയത്തിന് ശേഷം ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ നീക്കം നടത്തിയിരുന്നു.
കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പുകാര്യങ്ങളിൽ പൂർണ അധികാരം തനിക്ക് നൽകണമെന്ന പ്രശാന്ത് കിഷോറിന്‍റെ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തയാറാകാത്തതും, മറ്റു രാഷ്ട്രീയ പാർട്ടികളുമായി കരാറുണ്ടാക്കരുതെന്ന കോൺഗ്രസിന്റെ ആവശ്യം പ്രശാന്ത് കിഷോർ അംഗീകരിക്കാത്തതുമാണ് ഇരുകൂട്ടരും തമ്മിൽ തെറ്റാൻ ഇടയാക്കിയത്.
ഇതു വകവെക്കാതെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ ടി.ആർ.എസുമായി ഞായറാഴ്ച അദ്ദേഹം തെരഞ്ഞെടുപ്പ് കരാറിൽ ഏർപ്പെട്ടു. തെലങ്കാനയിൽ ടി.ആർ.എസിനെ കോൺഗ്രസ് നേരിടാനൊരുങ്ങുമ്പോൾ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു കോൺഗ്രസ് നേതാക്കൾ. കരാറിലേർപ്പെട്ട തന്‍റെ ഏജൻസിയായ 'ഐ-പാക്' മാത്രമാണെന്നും താനതിൽ ഉണ്ടാകില്ലെന്നും സ്ഥാപിക്കാൻ പ്രശാന്ത് കിഷോർ ശ്രമിച്ചെങ്കിലും അദ്ദേഹമില്ലാത്ത 'ഐ-പാകു'മായി ധാരണയില്ലെന്ന് ടി.ആർ.എസ് പ്രഖ്യാപിച്ചു. തെലങ്കാനക്ക് പുറമെ കോൺഗ്രസിനോട് രാഷ്ട്രീയമായി എതിർപ്പ് പ്രകടിപ്പിക്കുന്ന തൃണമൂൽ കോൺഗ്രസുമായും ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസുമായും പ്രശാന്ത് കിഷോറിനുള്ള ബന്ധം കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് ഏറ്റി.
കോൺഗ്രസിനെ 2024ലെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ പാർട്ടിയെ ഉടച്ചുവാർക്കണമെന്ന് ആഗ്രഹിക്കുന്ന നേതാക്കളും പ്രശാന്ത് കിഷോർ അതിന് അനുയോജ്യനാണോ എന്ന കാര്യത്തിൽ സംശയത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.