ദ്രൗപതി മുർമു

രാഷ്ട്രപതി തെരഞ്ഞെടുപ്പ് തിങ്കളാഴ്ച: ജയം ഉറപ്പിച്ച് ദ്രൗപദി മുർമു

ന്യൂഡൽഹി: തിങ്കളാഴ്ച നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അനായാസ ജയം ഉറപ്പിച്ച് ദ്രൗപദി മുർമു. ബി.ജെ.ഡി, വൈ.എസ്.ആർ-സി.പി, ബി.എസ്.പി, എ.ഐ.എ.ഡി.എം.കെ, ടി.ഡി.പി, ജെ.ഡി-എസ്, ശിരോമണി അകാലിദൾ, ശിവസേന, ജെ.എം.എം തുടങ്ങിയ പ്രാദേശിക പാർട്ടികളുടെ പിന്തുണകൂടി ഉറപ്പിച്ചതോടെ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിന്റെ വോട്ട് വിഹിതം മൂന്നിൽരണ്ട് ആകാൻ സാധ്യതയേറെയാണ്.

ഭരണഘടനാപദവിയിലെത്തുന്ന ആദിവാസി വിഭാഗത്തിൽനിന്നുള്ള ആദ്യ വനിതയായി അവർ മാറും. സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെ പ്രസിഡന്റാകും മുർമുവെന്നതാണ് മറ്റൊരു സവിശേഷത. ആകെയുള്ള 10,86,431 വോട്ടുകളിൽ ദ്രൗപദി ഇപ്പോൾ ഉറപ്പാക്കിയത് 6.67 ലക്ഷം വോട്ടുകളാണ്. ഇതിൽ, ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും എം.പിമാരുടെ വോട്ടുമാത്രം 3.08 ലക്ഷം വരും. യശ്വന്ത് സിൻഹയാണ് പ്രതിപക്ഷ സ്ഥാനാർഥി.

ആനുപാതിക പ്രാതിനിധ്യസമ്പ്രദായത്തിലൂടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെട്ട എം.പിമാരും സംസ്ഥാന നിയമസഭകളിലെ അംഗങ്ങളും ഉൾപ്പെടുന്നതാണ് ഇലക്ടറൽ കോളജ്. ജൂലൈ 18ന് പാർലമെന്റ് ഹൗസിലും സംസ്ഥാന നിയമസഭകളിലുമാണ് വോട്ടെടുപ്പ്. പാർലമെന്റ് ഹൗസിൽ 21നാണ് വോട്ടെണ്ണൽ.

എം.പിമാർക്ക് പച്ചയും എം.എൽ.എമാർക്ക് പിങ്ക് നിറവുമുള്ള അച്ചടിച്ച ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുക. ഒരു എം.എൽ.എയുടെ വോട്ടുമൂല്യം നിശ്ചയിക്കുന്നത് അവർ പ്രതിനിധാനംചെയ്യുന്ന സംസ്ഥാനത്തെ ജനസംഖ്യയെ ആശ്രയിച്ചാണ്.

കേരളത്തിൽ -152. ഉത്തർപ്രദേശിൽ -208. ഝാർഖണ്ഡിലും തമിഴ്‌നാട്ടിലും -176. മഹാരാഷ്ട്രയിൽ - 175. കർണാടകയിൽ -131. സിക്കിമിൽ -ഏഴ്, നാഗാലാൻഡിൽ -ഒമ്പത്, മിസോറമിൽ -എട്ട് എന്നിങ്ങനെയാണ് നിയമസഭ അംഗങ്ങളുടെ വോട്ടുമൂല്യം. അതേസമയം, ഒരു എം.പിയുടെ വോട്ടിന്റെ മൂല്യം ഇത്തവണ 700 ആണ്.

Tags:    
News Summary - Presidential Election: Draupadi Murmu secures victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.