ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിെൻറ വിശദാംശങ്ങൾ സംബന്ധിച്ച സുപ്രീംകോടതിയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരംമുട്ടി സർക്കാർ. ഇടപാടിെൻറ വിശദാംശങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതിക്കുള്ള അധികാരം ചോദ്യംചെയ്ത് നിർണായക ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ.
പുതിയ പോർവിമാനങ്ങളുടെ ആവശ്യകത സംബന്ധിച്ച് പ്രതിരോധ മന്ത്രാലയ സെക്രട്ടറിയുടെ വിശദീകരണം കേൾക്കാതെ വ്യോമസേനയിലെ മുതിർന്ന ഒാഫിസർമാരെ സുപ്രീംകോടതി വിളിച്ചുവരുത്തുകയും ചെയ്തു. അസാധാരണമായ വാദമുഖങ്ങൾക്കും കോടതി നടപടിക്കും ശേഷം ഏറെ നിർണായകമായ റഫാൽ കേസ് ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിധിപറയാൻ മാറ്റി.
ബുധനാഴ്ച നാലു മണിക്കൂറാണ് കേസിൽ സുപ്രീംകോടതി വാദം കേട്ടത്. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.പോർവിമാനങ്ങളുടെ സാേങ്കതിക പരിജ്ഞാനമുള്ള വിദഗ്ധരാണ് റഫാൽ ഇടപാട് പരിശോധിക്കേണ്ടതെന്നും കോടതിയുടെ പരിശോധനപരിധിയിൽ പോർവിമാന ഇടപാട് വരില്ലെന്നുമുള്ള വാദമാണ് സർക്കാറിനുവേണ്ടി അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ഉയർത്തിയത്. എന്നാൽ, കോടതി അത് അവഗണിച്ചു.
വ്യോമസേനയുടെ വിശദീകരണം നൽകാൻ കോടതി നിർദേശപ്രകാരം എയർ വൈസ് മാർഷൽ ടി. ചലപതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. റഫാൽ ഇന്ത്യക്ക് ഏറെ ആവശ്യമാണെന്ന് അവർ ബോധിപ്പിച്ചു. 1985നു േശഷം മുന്തിയ പോർവിമാനങ്ങളൊന്നും വ്യോമസേനക്ക് കിട്ടിയിട്ടില്ല. ജഗ്വാർ, സുഖോയ് 30 തുടങ്ങി മുമ്പ് വാങ്ങിയവ മുൻതലമുറ വിമാനങ്ങളാണ്. അഞ്ചാം തലമുറ വിമാനങ്ങളാണ് ഇന്ത്യക്ക് ആവശ്യം റഫാൽ വിമാന ഇടപാടിെൻറ കാര്യത്തിൽ ഫ്രഞ്ച് സർക്കാറിൽനിന്ന് ഗാരൻറിയൊന്നും ഇല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമ്മതിച്ചു.
പുതിയ വാദ മുഖങ്ങൾ
ഹരജിക്കാർ : ടെൻഡർ നടപടി മറികടക്കാൻ റഫാൽ ഇടപാട് ഭരണകൂടങ്ങൾ തമ്മിലുള്ള കരാറാക്കി മാറ്റുകയാണ് എൻ.ഡി.എ സർക്കാർ ചെയ്തത്. റഫാൽ ഇടപാടിൽ പ്രധാനമന്ത്രിവരുത്തിയ മാറ്റങ്ങൾ പ്രതിരോധ മന്ത്രിക്കു പോലും അറിയാമായിരുന്നില്ല. റിലയൻസിനെ ഇന്ത്യൻ പങ്കാളിയാക്കിയതിനുപിന്നിൽ ഗൂഢലക്ഷ്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത തീരുമാനത്തിൽ ഗുരുതരമായ ക്രമക്കേടുണ്ട്. വ്യോമസേനക്ക് 126 വിമാനങ്ങൾ വേണ്ടപ്പോൾ 36 മാത്രം വാങ്ങാൻ തീരുമാനിച്ചതിൽ നിക്ഷിപ്ത താൽപര്യമുണ്ട്. എച്ച്.എ.എല്ലിന് സാേങ്കതികവിദ്യ കൈമാറിക്കിട്ടുന്ന അവസരം നഷ്ടപ്പെടുത്തുകയും റിലയൻസിന് കോടികളുടെ ഇടപാട് സമ്പാദിച്ചുകൊടുക്കുകയും ചെയ്തു.
സർക്കാർ : മുൻസർക്കാറിെൻറ കാലത്ത് വാങ്ങാൻ തീരുമാനിച്ചതും ഇപ്പോൾ വാങ്ങുന്നതുമായ വിമാനത്തിെൻറ അടിസ്ഥാന ഘടന ഒന്നുതന്നെയാണ്. വിലയുടെ വിശദാംശങ്ങൾ കോടതിയെ മുദ്രവെച്ച കവറിൽ സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ പറയാൻപറ്റാത്ത ചില കാര്യങ്ങളുണ്ട്. വിമാനത്തിെൻറ വില പാർലമെൻറിനെപോലും അറിയിച്ചിട്ടില്ല. മറ്റു വിശദാംശങ്ങൾ പറയുന്നത് രാജ്യത്തിെൻറ ശത്രുക്കൾക്ക് ഗുണമാകും. മുൻ വിലയും ഇപ്പോഴത്തെ വിലയും തമ്മിലുള്ള അന്തരം യൂറോയുടെ മൂല്യത്തിലുണ്ടായ മാറ്റം, നാണയപ്പെരുപ്പം എന്നിവ വഴിയാണ്.
ജഡ്ജിമാർ : ഇന്ത്യൻ പങ്കാളി കരാർപ്രകാരം നിർമാണം നടത്തിയില്ലെങ്കിൽ രാജ്യതാൽപര്യം എങ്ങനെ സംരക്ഷിക്കപ്പെടും? ഇന്ത്യൻ പങ്കാളിയെക്കുറിച്ച കാര്യങ്ങൾ ദസോ കമ്പനി ഇനിയും നൽകിയിട്ടില്ലെന്ന് സർക്കാർ പറയുന്നു. ഇന്ത്യൻ പങ്കാളിയുടെ പ്രവർത്തനവിശ്വാസ്യത പരിശോധിക്കുക എന്നത് സർക്കാർ പ്രധാനമായി കാണുന്നില്ലേ? ഇന്ത്യൻ പങ്കാളിയെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ മുൻകാലപ്രാബല്യത്തോടെ മാറ്റിയത് എന്തിനായിരുന്നു? എച്ച്.എ.എല്ലിനെ പങ്കാളിയാക്കി 126 വിമാനങ്ങൾ നിർമിക്കാനുള്ള നിർദേശം പരിഗണനയിലിരിെക്ക 36 വിമാനങ്ങൾ നേരിട്ടുവാങ്ങാനുള്ള പുതിയ ഉടമ്പടി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിക്ക് എങ്ങനെ കഴിയും?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.