ന്യൂഡൽഹി: റഫാൽ പോർവിമാന വിഷയത്തിൽ സർക്കാർ അഭിഭാഷകന് ഉത്തരംമുട്ടിയ സുപ്രീംകോടതി വാദനടപടികൾക്കു പിന്നാലെ, ഇടപാടിലെ ക്രമക്കേടിെനക്കുറിച്ച് അന്വേഷണത്തിന് സമ്മർദം കൂടുതൽ ശക്തമാക്കി പ്രതിപക്ഷം. സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി) അന്വേഷണം വേണമെന്ന് കോൺഗ്രസും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടു.
ഇന്ത്യ-ഫ്രഞ്ച് സർക്കാറുകൾ നേരിട്ടു നടത്തുന്ന ഇടപാടല്ല റഫാലെന്ന് സുപ്രീംകോടതിയിൽ അറ്റോണി ജനറൽ തുറന്നുസമ്മതിച്ചിരുന്നു. പോർവിമാന ഇടപാടുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സർക്കാർ ഗാരൻറി നൽകിയിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു. 59,000 കോടി രൂപയുടെ ഇടപാടിന് നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നു മാത്രമല്ല, ദേശതാൽപര്യം മുൻനിർത്തി ജാഗ്രതപൂർവം സർക്കാർ നീങ്ങിയിട്ടില്ലെന്നുകൂടിയാണ് ഇത് കാണിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. റഫാലിൽ മോദിസർക്കാറും കോർപറേറ്റുകളുമായുള്ള ഒത്തുകളിയുണ്ട്.
റഫാൽ ഇടപാടിനെക്കുറിച്ച് പ്രത്യേകാന്വേഷണം ആവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. വിധി എന്തായിരുന്നാലും, അന്വേഷണം വേണമെന്ന കോൺഗ്രസ് നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർേജവാല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സുപ്രീംകോടതിക്ക് ഭരണഘടനാപരമായ പരിമിതികളുണ്ട്. റഫാൽ ഇടപാടിലെ സത്യം പുറത്തുവരണമെങ്കിൽ സർക്കാർ ഫയലിലെ കുറിപ്പുകൾ പരിശോധിക്കണം. സുപ്രീംകോടതിക്ക് അതിനു കഴിയില്ല. കോടതി ഒരു അന്വേഷണ കാര്യാലയമല്ല. സുരക്ഷകാര്യ മന്ത്രിസഭ സമിതി, പ്രതിരോധ സാമഗ്രി സമ്പാദന സമിതി, വില നിർണയ സമിതി എന്നിവയുടെ ഫയലുകൾ ജെ.പി.സി വിളിച്ചുവരുത്തുേമ്പാഴാണ് വസ്തുതകൾ പുറത്തുവരുക. വിമാന ഇടപാടിെൻറ അടിസ്ഥാന ചെലവ് 32,000 കോടിയിൽനിന്ന് 62,000 കോടി രൂപയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയത്, പ്രതിരോധ മന്ത്രിയെയും പ്രതിരോധ സാമഗ്രി സമ്പാദന സമിതിയെയും മറികടന്നാണെന്ന് സുർജേവാല കുറ്റപ്പെടുത്തി.
റഫാൽ ക്രമക്കേടുകൾ കൂടുതലായി പുറത്തുവന്നുകൊണ്ടിരിക്കെ, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
നോട്ട് അസാധുവാക്കലിനെക്കുറിച്ച് ജെ.പി.സി അന്വേഷണവും യെച്ചൂരി ആവശ്യപ്പെട്ടു. ശീതകാല പാർലമെൻറ് സമ്മേളനത്തിൽ പ്രതിപക്ഷം ആവശ്യം ശക്തമായി ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.