രാഹുലിന്‍റെ യാത്ര വെല്ലുവിളി ഘട്ടത്തിലേക്ക്

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസിന്‍റെ സ്വാധീന മേഖലകൾ പിന്നിട്ട് വെല്ലുവിളികളുടെ ഘട്ടത്തിലേക്ക്. 18ന് ആന്ധ്രപ്രദേശിലേക്കും തുടർന്ന് തെലങ്കാനയിലേക്കും പദയാത്ര എത്തുമ്പോൾ ജനപിന്തുണ എത്രത്തോളം ലഭിക്കുമെന്ന് ഉറ്റുനോക്കുകയാണ് പാർട്ടി.

ഒരിക്കൽ ശക്തികേന്ദ്രമായിരുന്ന ആന്ധ്രപ്രദേശിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് കിട്ടിയത് രണ്ടു ശതമാനം വോട്ടാണ്. ജഗൻ റെഡി നയിക്കുന്ന വൈ.എസ്.ആർ കോൺഗ്രസിനു മുന്നിൽ കോൺഗ്രസ് നാമാവശേഷമായി. അവിടേക്കാണ് 18ന് രാഹുലും സംഘവും എത്തുന്നത്.

തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ കിട്ടിയത് വൻസ്വീകാര്യതയാണെങ്കിൽ, ആന്ധ്രയിലെ മൂന്നു ദിവസത്തെ പര്യടനത്തിനിടയിൽ സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നതും ആളുകളെ എത്തിക്കുന്നതിനും സംവിധാനം തന്നെ ഇല്ലാത്ത സ്ഥിതി. തെലങ്കാന രാഷ്ട്രസമിതി നയിക്കുന്ന തെലങ്കാനയിലും സ്ഥിതി മോശം. രണ്ടിടത്തും ഭരണകക്ഷിയുടെ സമീപനം തണുപ്പനാണ്.

ഭാരത് ജോഡോ യാത്ര തുടങ്ങുമ്പോൾ സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും അണിചേരാൻ കോൺഗ്രസ് ക്ഷണിച്ചിരുന്നു. അതേസമയം, ബന്ധം പുതുക്കി സഖ്യങ്ങൾക്ക് ഉണർവുപകരുക യാത്രയുടെ ലക്ഷ്യമല്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ വിശദീകരിക്കുന്നുണ്ട്.

എങ്കിലും സഹകരണം പ്രതീക്ഷിക്കുന്നുമുണ്ട്. തമിഴ്നാട്ടിൽ യാത്ര തുടങ്ങുമ്പോൾ സഖ്യകക്ഷിയായ ഡി.എം.കെയുടെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ സോണിയ ഗാന്ധിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പങ്കെടുത്തത്. കേരളത്തിലേക്ക് കടന്നപ്പോൾ മുസ്ലിം ലീഗ്, ആർ.എസ്.പി, സി.എം.പി പ്രവർത്തകരും നേതാക്കളും സഹകരിച്ചു. കർണാടകത്തിൽ ജനതദൾ-യുവും യാത്രയിൽ അണിനിരന്നു. കഴിഞ്ഞ മാസം ഏഴിന് തുടങ്ങി ഇതുവരെയുള്ള യാത്രക്കിടയിൽ 500ൽപരം പേരുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തി.

വിവിധ സംഘങ്ങളെ കണ്ടു. മഹാരാഷ്ട്രയിൽ പ്രവേശിക്കുമ്പോൾ സ്വീകരിക്കാൻ എൻ.സി.പി നേതാവ് ശരത്പവാറും മകൾ സുപ്രിയ സുലെയും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. അതേസമയം, ആന്ധ്രയിലും തെലങ്കാനയിലും വ്യത്യസ്തമാണ് സ്ഥിതി.

Tags:    
News Summary - Rahul's journey to a challenging stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.