ഗുവാഹതി: തൃണമൂൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാനുള്ള മമത ബാനർജിയുടെ വാഗ്ദാനം നിരസിച്ച് മനുഷ്യാവകാശ പ്രവർത്തകനും അസമിലെ എം.എൽ.എയുമായ അഖിൽ ഗൊഗോയ്. തന്‍റെ പാർട്ടിയായ റെയ്ജോർ ദൾ തൃണമൂൽ കോൺഗ്രസുമായി ലയിക്കില്ല. എന്നാൽ, ബി.ജെ.പിക്കെതിരെ ഒരുമിച്ച് പോരാടും -അഖിൽ ഗൊഗോയ് വ്യക്തമാക്കി.
തൃണമൂൽ മൂന്നുവട്ടം ചർച്ച നടത്തിയതായി അഖിൽ ഗൊഗോയ് പറഞ്ഞു. അസമിലെ തൃണമൂൽ അധ്യക്ഷ പദവി വാഗ്ദാനം ചെയ്തു. എല്ലാ വശങ്ങളും ഞങ്ങൾ ചർച്ച ചെയ്തു. എന്നാൽ, തൃണമൂലുമായി ലയിക്കാനില്ല. റെയ്ജോർ ദൾ ഒരു പ്രാദേശിക പാർട്ടിയാണ്. ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരായ പോരാട്ടത്തിൽ എല്ലാ പ്രാദേശിക പാർട്ടികളെയും അണിനിരത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത് -ഗൊഗോയ് പറഞ്ഞു.
അസമിലെ ശിവ്സാഗർ എം.എൽ.എയാണ് അഖിൽ ഗൊഗോയ്. നേരത്തേ, ബംഗാൾ തെരഞ്ഞെടുപ്പിൽ മമത അധികാരത്തിലെത്തണമെന്ന ആഗ്രഹം ഗൊഗോയ് പ്രകടിപ്പിച്ചിരുന്നു. കൂടാതെ അടുത്ത പ്രധാനമന്ത്രി മമത ആയിരിക്കണമെന്നും ഫാഷിസ്റ്റുകളായ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ ചെറുത്തുനിൽക്കാനുള്ള പ്രധാന മുഖം മമതയാണെന്നും ഗൊഗോയ് പറഞ്ഞിരുന്നു.
പൗരത്വ പ്രക്ഷോഭവുമായി ബന്ധെപ്പട്ട് അറസ്റ്റിലായ ഗൊഗോയ് ജയിലിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയത്. ഒന്നരവർഷത്തോളം യു.എ.പി.എ ചുമത്തി ജയിലിൽ അടക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് എൻ.ഐ.എ കോടതി അദ്ദേഹത്തിനെതിരായ എല്ലാ കേസുകളും റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.