മുംബൈ: ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര ഉൾപ്പെടുന്ന നീലചിത്ര നിർമാണ കേസിൽ മുംബൈ ക്രൈം ബ്രാഞ്ചിന്‍റെ ഉപകുറ്റപത്രം. രാജ് കുന്ദ്ര, റയാൻ തോർപെ, യഷ് താക്കൂർ, പ്രദീപ് ബക്ഷി എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയാണ് രണ്ടാം കുറ്റപത്രം സമർപ്പിച്ചത്.
1467 പേജ് വരുന്നതാണ് ഉപകുറ്റപത്രം. 43സാക്ഷിമൊഴികളും ഇതിൽ ഉൾപ്പെടും. ഏപ്രിലിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ ഒമ്പതുപേരുടെ പേരുകളാണ് ഉൾപ്പെടുത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. ഇതോടെ ൈക്രംബ്രാഞ്ച് ഇവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തി ഉപകുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
കുന്ദ്രയുടെ വിയാൻ എന്‍റർപ്രൈസിന്‍റെ ഐ.ടി തലവനാണ് റയാൻ തോർപെ. സിംഗപൂരിൽ താമസമാക്കിയ യഷ് താക്കൂർ അഥവാ അരവിന്ദ് ശ്രീവാസ്തവ, ലണ്ടനിൽ താമസമാക്കിയ രാജ്കുന്ദ്രയുടെ ബന്ധു പ്രദീപ് ബക്ഷി എന്നിവരുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടും.യഷ് താക്കൂറുമായി ബന്ധപ്പെട്ട 6.5കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ പൊലീസ് മരവിപ്പിച്ചിരുന്നു.
2021 ഫെബ്രുവരിയിലാണ് നീലചിത്ര നിർമാണ കേസ് പുറത്തുവരുന്നത്. മുംബൈ ക്രൈം ബ്രാഞ്ച് മധ് പ്രദേശത്തെ ബംഗ്ലാവിൽ നടത്തിയ പരിശോധനയിലൂടെയാണ് രാജ് കുന്ദ്രയുടെയും കൂട്ടാളികളുടെയും പങ്ക് വെളിപ്പെടുന്നത്. അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും അവ സമൂഹമാധ്യമങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ജൂലൈ 19ന് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ആപ് വഴി അശ്ലീല വിഡിയോകൾ വിൽപന നടത്തിയെന്നാണ് കുന്ദ്രക്കും കൂട്ടാളികൾക്കുമെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.