ചണ്ഡിഗഡ്: കർഷക ദ്രോഹ നിയമത്തിനെതിരെ പത്ത് മാസമല്ല, പത്ത് വർഷം സമരം ചെയ്യാൻ തയാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. ഇത്തരം കരിനിയമങ്ങൾ രാജ്യത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഞങ്ങൾ പറയുന്നത് കേൾക്കാൻ തയാറാകണം. പത്തുവർഷം സമരം ചെയ്യേണ്ടി വന്നാലും ഈ സമരത്തിൽ നിന്ന് ഞങ്ങൾ പിന്മാറില്ല.- പാനിപത്തിൽ ഭാരതീയ കിസാൻ യൂണിയൻ സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സെപ്റ്റംബറിൽ നടപ്പാക്കിയ കാർഷിക നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഒരു വർഷത്തോളമായി കർഷകർ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം നടത്തുകയാണ്.
തങ്ങളുടെ ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തിപ്പെടുത്തും. ഏതു സമയത്തും നമുക്ക് ഡൽഹിയിലേക്ക് തിരിക്കേണ്ടി വന്നേക്കാം. അതിനാൽ കർഷകരോട് തങ്ങളുടെ ട്രാക്ടർ ശരിയാക്കിവെക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സർക്കാർ ഈ നിയമം പിൻവലിക്കാൻ തയാറായില്ലെങ്കിൽ അടുത്ത സർക്കാർ അതിന് തയാറാകാണം. ഈ നിയമം തുടരാൻ അനുവദിക്കില്ല. സമരം തുടർന്നുകൊണ്ടേയിരിക്കും- രാകേഷ് ടിക്കായത്ത് പറഞ്ഞു.
സംയുക്ത കിസാൻ സഭ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് മുന്നോടിയായാണ് ഭാരതീയ കിസാൻ യൂണിയൻ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.