ബംഗളൂരു: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസ് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്നും അവർ ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തതെന്നും രാഹുൽഗാന്ധി പറഞ്ഞു. കർണാടകയിലെ തുമകുരുവിൽ 'ഭാരത് ജോഡോ' യാത്രപരിപാടിക്കിടെ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സവർക്കർക്ക് ബ്രിട്ടീഷുകാരിൽ നിന്ന് പണമായി പ്രതിഫലം ലഭിച്ചു. സ്വാതന്ത്ര്യ സമരത്തിൽ സംഘ്പരിവാറിനെ എവിടെയും കണ്ടില്ല. എന്നാൽ കോൺഗ്രസും നേതാക്കളും സ്വാതന്ത്ര്യത്തിനായി പോരാടുകയായിരുന്നു. ഭാരത് ജോഡോ യാത്ര 2024 ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ലെന്നും രാജ്യത്തെ വിഭജിക്കുന്നതിനും തൊഴിലില്ലായ്മക്കും അസമത്വത്തിനുമെതിരെ പോരാടാൻ സാധാരണക്കാർക്ക് കരുത്ത് നൽകാനുള്ളതാണെന്നും രാഹുൽ പറഞ്ഞു.
തന്‍റെയും പാർട്ടിയുടെയും പ്രത്യയശാസ്ത്രം ഇഷ്ടപ്പെടാത്ത ബി.ജെ.പിയും ആർ.എസ്.എസും തന്‍റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുകയാണ്. ഇതിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് ചില മാധ്യമങ്ങളെ കൂടുപിടിക്കുന്നു. ബി.ജെ.പിയും ആർ.എസ്.എസും മതത്തിന്‍റെയും ജാതിയുടെയും പേരിൽ രാജ്യത്തെ വിഭജിക്കുമ്പോൾ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് യാത്രയിലൂടെ ചെയ്യുന്നത്. യാത്രയിൽ താൻ തനിച്ചല്ലെന്നും തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം എന്നിവയിൽ മടുത്ത ലക്ഷക്കണക്കിനാളുകൾ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നത് ദേശവിരുദ്ധമായ പ്രവൃത്തിയാണെന്നും ഇത്തരക്കാർക്കെതിരെയാണ് തങ്ങളെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തെ കുറിച്ച് രാഹുൽ പറഞ്ഞു. വിദ്വേഷം പടർത്തുന്നവർ ആരാണെന്നതും അവർ ഏത് സമുദായത്തിൽ നിന്നുള്ളവരാണെന്നതുമല്ല, അക്രമപ്രവർത്തനമാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.