ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി ട്വീറ്റ് ചെയ്തതിനെ തുടർന്ന് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെയെ പിന്തുണച്ച് മമത ബാനർജി. ഗോഖലെ തെറ്റ് ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റിന് പിന്നിലെന്നും മമത ആരോപിച്ചു. ജയ്പൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
'ഇത് വളരെ മോശവും സങ്കടകരവുമായ സംഭവമാണ്. അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പ്രശസ്തനാണ്. ഗോഖലെ ഒരു തെറ്റും ചെയ്തിട്ടില്ല. ബി.ജെ.പി സർക്കാരിന്‍റെ പ്രതികാര മനോഭാവത്തെ അപലപിക്കുന്നു. പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിനാലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.'-മമത ബാനർജി പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഗോഖലെയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അപകീർത്തിപരമായ പരാമർശം നടത്തി, വ്യാജരേഖ ചമച്ചു തുടങ്ങിയ കുറ്റങ്ങളാണ് സാകേത് ഗോഖലെക്കെതിരെ ചുമത്തിയത്.
പ്രധാനമന്ത്രിയുടെ മോർബി സന്ദർശനത്തെക്കുറിച്ച് ഗോഖലെ ട്വീറ്റ് ചെയ്തിരുന്നു. നരേന്ദ്രമോദിയുടെ മോർബി സന്ദർശനത്തിന് 30കോടി ചെലവായി എന്നായിരുന്നു ട്വീറ്റ്. ഇത് സംബന്ധിച്ച പത്രവാർത്തയും അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാൽ ഈ ആരോപണം തെറ്റാണെന്ന് സർക്കാർ അറിയിച്ചു. പിന്നാലെയാണ് ബി.ജെ.പി നേതാവ് അമിത് കോത്താരിയുടെ പരാതിയിൽ സാകേത് ഗോഖലെയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.