ശ്രീനഗർ: ജമ്മു-കശ്മീർ സംസ്ഥാന സർക്കാറിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി തിങ്കളാഴ്ച വാദംകേൾക്കും. ഇതിനെതിരെ, ജമ്മു-കശ്മീരിൽ നടക്കുന്ന പ്രതിഷേധത്തിൽ സംസ്ഥാനം സ്തംഭിച്ചു. വിഘടനവാദി നേതാക്കൾ സംയുക്തമായി ആഹ്വാനംചെയ്ത ബന്ദ് തിങ്കളാഴ്ചയും തുടരും.
സംഘർഷസാധ്യത കണക്കിലെടുത്ത് അമർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചു. ഞായറാഴ്ച നിർത്തിവെച്ച ട്രെയിൻ സർവിസുകൾ തിങ്കളാഴ്ചയും പുനരാരംഭിക്കില്ല. അതിനിടെ, ഹരജിയിൽ വാദംകേൾക്കുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതി രജിസ്ട്രാറെ സമീപിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുവരെ കേസിെൻറ വാദം കേൾക്കുന്നത് നീട്ടിവെക്കണമെന്നാണ് സംസ്ഥാന സർക്കാറിെൻറ ആവശ്യം.
ഹരജി അംഗീകരിക്കുന്നപക്ഷം സംസ്ഥാനം കലാപത്തിലേക്ക് നീങ്ങുമെന്ന വിലയിരുത്തൽ വ്യാപകമാണ്. വകുപ്പ് അസാധുവാക്കിയാൽ സംസ്ഥാന പൊലീസിലെ ഉന്നതശ്രേണിയിൽനിന്നടക്കം, വ്യാപക തിരിച്ചടിയുണ്ടാവുമെന്ന് രഹസ്യാന്വേഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയതായി എൻ.ഡി.ടി.വി റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ജീവനക്കാർ, ട്രേഡ് യൂനിയനുകൾ, വ്യാപാരസംഘടനകൾ, പൗരാവകാശ സംഘടനകൾ, അഭിഭാഷകർ തുടങ്ങിയവർ വകുപ്പ് റദ്ദാക്കിയാൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്താണ് 35 എ വകുപ്പ്?
ഭൂ ഉടമസ്ഥത, തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ നിയമനിർമാണം നടത്താൻ ജമ്മു-കശ്മീർ സർക്കാറിന് പ്രത്യേക അധികാരം നൽകുന്നതാണ് ഭരണഘടനയിലെ 35 എ വകുപ്പ്. ഇൗ നിയമപ്രകാരം ജമ്മു-കശ്മീരിലെ ഭൂമി വാങ്ങുന്നതിന് മറ്റു സംസ്ഥാനങ്ങളിലുള്ളവർക്ക് വിലക്കുണ്ട്. തൊഴിൽ, ആനുകൂല്യങ്ങൾ എന്നിവക്കും ഇൗ നിയന്ത്രണം ബാധകമാണ്. 35 എ വകുപ്പ് സാധുതയില്ലാത്തതാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആർ.എസ്.എസ് ബന്ധമുള്ള ‘വി ദ സിറ്റിസൺസ്’ എന്ന സന്നദ്ധ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വകുപ്പുമായി ബന്ധപ്പെട്ട് തൽസ്ഥിതി തുടരണമെന്നാണ് നാഷനൽ കോൺഫറൻസ്, പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി, സി.പി.എം, കോൺഗ്രസ് തുടങ്ങിയ സംസ്ഥാനത്തെ മുഖ്യധാരാ പാർട്ടികളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.