ന്യൂഡൽഹി: അസമിൽ മൂന്നു ദിവസത്തെ കുടിയൊഴിപ്പിക്കലിലൂടെ 900 കുടുംബങ്ങളിലെ 5,000 മനുഷ്യരെ കിടപ്പാടങ്ങളിൽനിന്ന് പുറത്താക്കി അഭയാർഥികളാക്കിയെന്ന് പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട്. ജീവിക്കുന്ന ഭൂമിയിൽ നിന്ന് പിഴുതെറിയപ്പെട്ട കുടുംബങ്ങൾക്ക് അഭയവും ഭക്ഷണവും നിയമസഹായവും അടിയന്തരമായി നൽകേണ്ടതുണ്ടെന്ന് സംഘം റിപ്പോർട്ട് ആവശ്യപ്പെട്ടു.
ശാഫി മദനിയുടെ നേതൃത്വത്തിൽ അസം നോർത്ത് ജമാഅത്തെ ഇസ്ലാമി, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, ആൾ അസം മൈനോറിറ്റി സ്റ്റുഡൻറ്സ് യൂനിയൻ, ജംഇയ്യത്ത് ഉലമായേ ഹിന്ദ് എന്നിവരുമായി സഹകരിച്ചാണ് വസ്തുതാന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്.
സിഫാജാർ ജില്ലയിലെ ധോൽപൂരിൽ 800 കുടുംബങ്ങളെയാണ് തിങ്കളാഴ്ച കുടിയൊഴിപ്പിച്ചത്. മൂന്നു ദിവസമായി മതിയായ ആഹാരവും പാർപ്പിടവുമില്ലാതെ തുറസ്സായ സ്ഥലത്ത് കഴിയുകയാണ് ഇൗ കുടുംബങ്ങൾ. ഇതിെൻറ തുടർച്ചയെന്നോണം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കുടിയൊഴിപ്പിക്കൽ നടന്നു. 100 കുടുംബങ്ങളെ വീണ്ടും കുടിയൊഴിപ്പിച്ചതാണ് പൊലീസ് വെടിവെപ്പിൽ കലാശിച്ചത്.
അസമിലെ തദ്ദേശീയരായ ഗോത്രവിഭാഗങ്ങളിലെ ചെറുപ്പക്കാർക്ക് തൊഴിൽ നൽകാൻ ബഹുമുഖ കാർഷിക പദ്ധതി നടപ്പാക്കാനാണ് കുടിെയാഴിപ്പിക്കുന്നതെന്നാണ് പറയുന്നത്. എന്നാൽ ഇൗ സ്ഥലം കാളി ക്ഷേത്രത്തിെൻറതാണെന്നും സർക്കാർ പറഞ്ഞിരുന്നു.
ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നശേഷം അസമിലുടനീളം ആയിരക്കണക്കിന് കുടുംബങ്ങളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിച്ചുവെന്നും അവരിൽ ബഹുഭൂരിഭാഗവും മുസ്ലിംകളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. മൂന്നു മാസം മുമ്പ് ധുബ്രിയിൽ 300 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. 2019ൽ ബിശ്വനാഥ് ജില്ലയിൽ 445 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. അതിനുശേഷം കാസിരംഗയിലും കുടിയൊഴിപ്പിക്കൽ നടന്നു. അവരെല്ലാവരും കിടപ്പാടം നഷ്ടെപ്പട്ട് അഭയമില്ലാതെ കഴിയുകയാണ്. സർക്കാർ പേരിന് നൽകുന്ന സഹായങ്ങൾ മതിയാകുന്നില്ല. സർക്കാറിെൻറ കുടിെയാഴിപ്പിക്കൽ യജ്ഞത്തെ കുറിച്ച് കൃത്യമായ പഠനം നടത്തി ഹൈകോടതിയിലോ സുപ്രീംകോടതിയിലോ നിയമയുദ്ധം നടത്തേണ്ടതുണ്ടെന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാവിലെ ധറാങ്ങിലെ സിപാജറിൽ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ തൽക്ഷണം കൊല്ലപ്പെടുകയും ചെയ്തു. സദ്ദാം ഹുസൈൻ, ശൈഖ് ഫരീദ് എന്നിവരാണ് മരിച്ചത്.
ഇതിൽ ഒരാളുടെ മൃതദേഹം പൊലീസിന്‍റെ കൂടെയുള്ള ഫോട്ടോഗ്രാഫർ ചവിട്ടിമെതിച്ചിരുന്നു. വെടിയേറ്റ് നിലത്തുവീണ പ്രതിഷേധക്കാരനെ ഇരുപതോളം പൊലീസുകാർ വളഞ്ഞിട്ടു തല്ലുന്ന ദൃശ്യവും പുറത്തുവന്നു. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളാണ് കുടിയൊഴിപ്പിക്കപ്പെട്ടവരിൽ അധികവും.
മൂന്നു മാസത്തിനിടെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ ഒഴിപ്പിക്കലാണിത്. ഇക്കഴിഞ്ഞ ജൂണില്‍ 49 മുസ്ലിം കുടുംബത്തെയും ഒരു ഹിന്ദു കുടുംബത്തെയും ഒഴിപ്പിച്ചു. ഒഴിപ്പിക്കലിൽ മാറ്റമുണ്ടാവില്ലെന്നും പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗുവാഹതിയിൽ പറഞ്ഞു. 800 കുടുംബങ്ങളെ ഒഴിപ്പിച്ച ജില്ല ഭരണകൂടം അനധികൃത നിർമാണമെന്ന് ആരോപിച്ച് സിപാജറിൽ മൂന്നു പള്ളികളും തകർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.