ബംഗളൂരു: ഇന്ത്യൻ രാഷ്ട്രീയത്തിലെ അത്യപൂർവമായൊരു ഏടായിരുന്ന ബുധനാഴ്ച കർണാടകയിൽ അരങ്ങേറിയത്. കോൺഗ്രസ്- ജനതാദൾ സെക്കുലർ സഖ്യസർക്കാർ അധികാരത്തിലേറുന്നതിന് സാക്ഷിയാവാനെത്തിയ രാജ്യത്തിെൻറ പ്രതിപക്ഷനിര ചടങ്ങിന് ശേഷം പരസ്പരം കൈകോർത്ത് നിൽക്കുന്ന ചിത്രം രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിക്കെതിരെയുയർന്ന മുദ്രാവാക്യമായി ജനാധിപത്യ വിശ്വാസികളുടെ മനസ്സിൽ തങ്ങി നിൽക്കും.
ആദർശങ്ങളുടെയും അഭിപ്രായ വ്യത്യാസങ്ങളുടെയും പേരിൽ വർഷങ്ങളോളം അകന്നുനിന്ന നേതാക്കളും മാതൃപാർട്ടികളിൽനിന്ന് പൊട്ടിപ്പിളർന്ന് പോയവരുമാണ് ബി.ജെ.പി വിരുദ്ധ മുന്നണി എന്ന ആശയത്തിൽ ഒരേ വേദിയിൽ അണിനിരന്നത് എന്നതാണ് ശ്രദ്ധേയം. പരസ്പരം കൈകൊടുത്തും ആലിംഗനം ചെയ്തും സഖ്യസർക്കാറിെൻറ സത്യപ്രതിജ്ഞ വേദി ഉൗഷ്മളമാക്കിയ തേജസ്വി യാദവ് മുതൽ എച്ച്.ഡി. ദേവഗൗഡ വരെയുള്ളവർ മതേതര ഇന്ത്യക്ക് നൽകുന്നത് വലിയ പ്രതീക്ഷയാണ്. 15 സംസ്ഥാനങ്ങൾ നേരിട്ടും അഞ്ചു സംസ്ഥാനങ്ങൾ സഖ്യത്തിലൂടെയും ഭരിക്കുന്ന ബി.ജെ.പിയെ ദക്ഷിണേന്ത്യൻ മണ്ണിൽ തടഞ്ഞുനിർത്താൻ കോൺഗ്രസും െജ.ഡി.എസും തീർത്ത സഖ്യത്തിന് സാധിച്ചതോടെ രാജ്യത്തെ പ്രതിപക്ഷ െഎക്യനിരക്കായി അടുത്തിടെ ഉയർന്ന ശ്രമങ്ങൾ ഫലം കാണുകയാണ്.
സോണിയ ഗാന്ധിയും മായാവതിയും മമത ബാനർജിയും ൈഹവോൾട്ടിൽ നിന്ന വേദിയായിരുന്നു ബംഗളൂരുവിലേത്. പരസ്പരം പുണർന്നും സന്തോഷം പങ്കിട്ടും നിന്ന മൂവരുമാണ് കർണാടകയിൽ ബി.ജെ.പിയെ തടുത്തുനിർത്താൻ ജെ.ഡി.എസിനെ മുൻനിർത്തി കരുക്കൾ നീക്കിയതും. പിൻനിരയിലായിരുന്ന മായാവതിയെ ഫോേട്ടാ സെഷനായി ൈകപിടിച്ച് സോണിയ മുന്നിലേക്ക് നീക്കിനിർത്തിയതും മായാവതിയും അഖിലേഷ് യാദവും തമ്മിലെ വേദി പങ്കിടലും സീതാറാം യെച്ചൂരിയും മമത ബാനർജിയും തമ്മിലെ മുഖാമുഖവും അടക്കമുള്ള അപൂർവരംഗങ്ങളും ചടങ്ങിനെ അവിസ്മരണീയമാക്കി.
യു.പിയിൽ 23 വർഷക്കാലം ചിരവൈരികളായിരുന്ന എസ്.പിയും ബി.എസ്.പിയും ലോക്സഭ ഉപതെരഞ്ഞെടുപ്പിനായി ഗോരഖ്പുരിലും ഫുൽപുരിലും ഒന്നിച്ചശേഷം മായാവതിയും അഖിലേഷും ആദ്യമായി വേദി പങ്കിട്ടത് ബുധനാഴ്ചയായിരുന്നു. ബംഗാളിൽ കാൽനൂറ്റാണ്ടിെൻറ സി.പി.എം കുത്തക തകർത്ത് ഭരണംപിടിച്ച തൃണമൂൽ നേതാവ് മമത ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി യെച്ചൂരിയോട് കുശലം പറയാനും മറന്നില്ല.
വേദിയിലെ ബഹളങ്ങളിൽനിന്ന് ഒഴിഞ്ഞായിരുന്നു ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും നിന്നത്. തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിെൻറയും ബിജു ജനതാദൾ ചീഫും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കിെൻറയും അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. കോൺഗ്രസുമായി പരസ്യമായി വേദി പങ്കിടുന്നത് ഒഴിവാക്കാൻ ചന്ദ്രശേഖര റാവു ബുധനാഴ്ച രാത്രി ദേവഗൗഡയെ കണ്ടു മടങ്ങുകയായിരുന്നു.
തൂത്തുക്കുടി വെടിവെപ്പിെൻറ പശ്ചാത്തലത്തിലാണ് കമൽ ഹാസനും സ്റ്റാലിനും കർണാടക യാത്ര റദ്ദാക്കിയത്. ശിവസേന തലവൻ ഉദ്ധവ് താക്കെറയെ ക്ഷണിച്ചിരുന്നെങ്കിലും മഹാരാഷ്ട്രയിലെ പൽഗാറിൽ ലോക്സഭ ഉപതെരഞ്ഞെടുപ്പിെൻറ തിരക്കുകാരണം വിട്ടുനിന്നു. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും തങ്ങൾ ഒന്നിച്ചു നിൽക്കുമെന്നും മമത ബാനർജി ബംഗളൂരുവിൽ നൽകിയ പ്രസ്താവന ബി.ജെ.പിക്കുള്ള വെല്ലുവിളിയാണ്. രാജ്യതാൽപര്യത്തിനുവേണ്ടി ഒന്നിച്ചു നിൽക്കും. പ്രാദേശിക പാർട്ടികൾ ഒന്നിച്ചാൽ അതിനാണ് ശക്തിയുണ്ടാവുക. പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുക എന്നതാണ് തങ്ങളുടെ മുദ്രാവാക്യം. ഞങ്ങളോട് എതിരിടാൻ വരുന്നവരെ തകർക്കുമെന്ന് ഹിന്ദിയിലൊരു ചൊല്ലുണ്ടെന്നും ഒാർമപ്പെടുത്തിയാണ് മമത മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.