സോണിയ ഗാന്ധി കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്

കൊല്ലം: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഹാജരാകാൻ കൊല്ലം മുൻസിഫ് കോടതി ഉത്തരവ്. ആഗസ്റ്റ് മൂന്നിന് സോണിയയും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദും ഹാജരാകണമെന്ന് ഉത്തരവിൽ പറയുന്നു.

ഡി.സി.സി പ്രസിഡന്‍റ് തനിക്കെതിരെ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കുണ്ടറയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ഫയൽ ചെയ്ത കേസിലാണ് നടപടി. കെ.പി.സി.സി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ കുണ്ടറ ബ്ലോക്കിൽ നിന്ന് പ്രതിനിധിയെ നിശ്ചയിക്കുന്നത് തടയണമെന്ന പൃഥ്വിരാജിന്‍റെ ഉപഹരജിയിലാണ് കൊല്ലം മുൻസിഫിന്‍റെ ചുമതലയുള്ള പരവൂർ മുൻസിഫ്‌ രാധിക എസ്‌. നായർ ഉത്തരവായത്.

കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പ് വേളയിൽ രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണത്തെത്തുടർന്ന് അന്നത്തെ ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയാണ് പൃഥ്വിരാജിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഉത്തരവ് ലഭിച്ചില്ലെന്ന് കാട്ടി നടപടികൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് പൃഥ്വിരാജ് നിവേദനം നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അഡ്വ. ബോറിസ് പോൾ മുഖേന സോണിയക്കും കെ.പി.സി.സി, ഡി.സി.സി പ്രസിഡന്‍റുമാർക്കും വക്കീൽ നോട്ടീസയച്ചു. അതിനും പ്രതികരണമുണ്ടാകാതിരുന്നതിനെത്തുടർന്നാണ് കൊല്ലം മുൻസിഫ് കോടതിയെ സമീപിച്ചത്. കോൺഗ്രസിന്‍റെ നിയമാവലിയുടെ ലംഘനം നടന്നതായാണ് ഹരജിയിലെ ആക്ഷേപം.

Tags:    
News Summary - Sonia Gandhi ordered to appear in Kollam Munsif Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.