ബംഗളൂരു: ബെളഗാവിയിൽ മതപരിവർത്തനം നടക്കുന്നതായി ആരോപിച്ച് പ്രാർഥന നടക്കുന്ന ഹാളിലേക്ക് അതിക്രമിച്ചുകയറി തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാമസേന പ്രവർത്തകർ. ഞായറാഴ്ച രാവിലെ പാസ്റ്റര്‍ പ്രാര്‍ഥന നടത്തുന്ന മറാത്ത കോളനിയിലെ കമ്യൂണിറ്റി ഹാളിലെത്തിയാണ് ശ്രീരാമസേന പ്രവർത്തകർ ചടങ്ങുകൾ തടഞ്ഞത്. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. പാസ്റ്റര്‍ ലെമ ചെറിയാന് പ്രദേശത്തെ ഹിന്ദുക്കളെ ഞായറാഴ്ച പ്രാര്ഥനക്കെന്ന പേരില്‍ വിളിച്ചുവരുത്തി മതപരിവര്‍ത്തനം നടത്തുകയാണെന്നാണ് ആരോപണം. പൊലീസ് എത്തുന്നതുവരെ പ്രവര്‍ത്തകര്‍ ഹാള്‍ പൂട്ടിയിട്ടു. പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.
സംസ്ഥാനത്തിന്റെ പുറത്തുനിന്നുള്ള പാസ്റ്റര്‍മാര്‍ ബെളഗാവിയിലെ ഗ്രാമങ്ങളിലെത്തി ഹിന്ദുക്കളെ മതം മാറ്റുന്നതായി ശ്രീരാമസേന നേതാവ് രവികുമാര്‍ കൊകിത്കര് ആരോപിച്ചു. പാവപ്പെട്ട ഹിന്ദുക്കളെ പണം നല്‍കിയും അവശ്യസാധനങ്ങള്‍ നല്‍കിയും പാസ്റ്റര്‍മാര്‍ വശീകരിക്കുകയാണെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മതപരിവര്‍ത്തനം നടത്തിയില്ലെന്നും താൽപര്യമുള്ള ആളുകളെ പങ്കെടുപ്പിച്ച് പ്രാര്‍ഥന നടത്തുകയായിരുന്നുവെന്നും പാസ്റ്റര്‍ പറഞ്ഞു. ആരെയും പ്രാര്‍ഥന ഹാളിലെത്താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം വന്നവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.