ന്യൂഡൽഹി: പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ തുടങ്ങാനിരിക്കെ ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി തുടങ്ങി മുഴുവൻ കോഴ്സുകളിലേക്കും ഫീസ് വർധിപ്പിച്ച് ഡൽഹി സർവകലാശാല. ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള ഫീസാണ് വർധിപ്പിച്ചത്. ഇതിന് സർവകലാശാല വൈസ് ചാൻസലർ യോഗേഷ് സിങ് അനുമതി നൽകി.
പുതിയ നിരക്ക് പ്രകാരം ബി.ടെക് ആദ്യ വർഷ ഫീസ് 2.16 ലക്ഷത്തിൽനിന്ന് 2.24 ലക്ഷം രൂപയിലേക്ക് ഉയരും. അഞ്ച് വർഷ ഇന്റഗ്രേറ്റഡ് നിയമ പ്രോഗ്രാം ഫീസ് 1.90 ലക്ഷം 1.99 ലക്ഷം രൂപയാകും.
57,400 രൂപയാണ് നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചേഴ്സ് എജുക്കേഷൻ പ്രോഗ്രാം (ഐ.ടി.ഇ.പി) കോഴ്സ് ഫീസ്. പിഎച്ച്.ഡി കോഴ്സ് ഫീസ് 4,450 രൂപയുള്ളത് 7,130 രൂപയിലേക്ക് ഉയർത്തി. 60.22 ശതമാനമാണ് വർധിപ്പിച്ചത്. ബിരുദം, ബിരുദാനന്തര കോഴ്സുകളിലേക്ക് നേരിയ വർധനയാണ് വരുത്തിയത്.
അതേസമയം, എം.എ ഹിന്ദു സ്റ്റഡീസിലേക്ക് വിദേശ വിദ്യാർഥികൾക്ക് ഫീസ് കുറച്ചു. സാർക് രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് ലക്ഷം രൂപയിൽനിന്നും 50,000 രൂപയിലേക്കും മറ്റു രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് രണ്ട് ലക്ഷം രൂപയിൽനിന്നും ഒരു ലക്ഷം രൂപയിലേക്കുമാണ് ഫീസ് കുറച്ചത്. സ്വാഭാവിക ഫീസ് വർധന മാത്രമാണെന്നാണ് സർവകലാശാല നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.