ന്യൂഡൽഹി: മാവോവാദി ബന്ധം ആരോപിച്ച് പുണെ പൊലീസ് അറസ്റ്റു ചെയ്ത അഞ്ച് മനുഷ്യാ വകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ ഇൗ മാസം 12വരെ സുപ്രീംകോടതി നീട്ടി. വീട്ടുതടങ്കൽ തുടരുന്നത് അന്വേഷണ നടപടികളെ ബാധിക്കുമെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.
തെലുഗു കവി വരവരറാവു, പ്രമുഖ അഭിഭാഷക സുധ ഭരദ്വാജ്, ഗൗതം നവ്ലഖ, അരുൺ ഫെരേര, വെർനൺ ഗോൺസാൽവസ് എന്നിവരാണ് വീട്ടുതടങ്കലിൽ കഴിയുന്നത്. പുണെ പൊലീസ് അസി. കമീഷണർ സുപ്രീംകോടതി നടപടികളിൽ എതിർപ്പ് പ്രകടിപ്പിച്ച് വാർത്തസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പൊലീസ് ഉദ്യോഗസ്ഥർ പെരുമാറണമെന്ന് മഹാരാഷ്ട്ര സർക്കാറിനോട് ബെഞ്ച് നിർദേശിച്ചു. സുപ്രീംകോടതി തെറ്റാണെന്ന് പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഇടപെടരുതായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത് താൻ കണ്ടുവെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
പൊലീസ് വ്യക്തികളുടെ പേര് കളങ്കപ്പെടുത്താനോ കോടതിയെക്കുറിച്ച് സംശയങ്ങൾ പ്രകടിപ്പിക്കാനോ പാടില്ല. ഒരു ക്രിമിനൽ കേസിൽ മൂന്നാംകക്ഷി ഇടപെടൽ ആകാമോ എന്നകാര്യത്തിൽ തൃപ്തികരമായ മറുപടി നൽകാൻ ഹരജിക്കാരിയായ റൊമീല ഥാപ്പറോട് കോടതി ആവശ്യപ്പെട്ടു. പൊലീസോ അറസ്റ്റിലായവരോ അല്ല, ഒരുസംഘം സാമൂഹിക പ്രവർത്തകരാണ് ഹരജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. ഇക്കാര്യം അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉന്നയിച്ചപ്പോഴാണ് സുപ്രീംകോടതി നിർദേശമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.