ന്യൂഡൽഹി: ഇസ്രായേലിലേക്കുള്ള അയുധ കയറ്റുമതി തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി തള്ളി. രാജ്യത്തിന്‍റെ വിദേശ നയത്തിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്.
തടഞ്ഞാൽ ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ സ്ഥാപനങ്ങൾ കരാർ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. ഇസ്രായേലിന് ആയുധങ്ങളും സൈനിക സഹായവും നൽകുന്നതിൽനിന്ന് ഇന്ത്യയെയും രാജ്യത്തെ കമ്പനികളെയും തടയണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, ചെറി ഡിസൂസ എന്നിവർ മുഖേനെ കോടതിയിൽ ഹരജി നൽകിയത്.
ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ വിവിധ കമ്പനികൾക്ക് നൽകിയ ലൈസൻസ് റദ്ദാക്കണമെന്നും പുതിയവ അനുവദിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ അശോക് കുമാർ ശർമ ഉൾപ്പടെയുള്ള 11 പേരാണ് ഹരജി നൽകിയത്. ഇസ്രായേൽ ഗസ്സയിൽ വംശഹത്യയാണ് നടപ്പാക്കുന്നതെന്നും ആ രാജ്യത്തേക്കുള്ള ഇന്ത്യയുടെ ആയുധ കയറ്റുമതി വംശഹത്യക്കെതിരായ ആഗോള ഉടമ്പടിയുടെ ലംഘനമാവുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.