ന്യൂഡൽഹി: എതിരാളികളെ മത്സര രംഗത്തില്ലാതാക്കി വോട്ടെടുപ്പില്ലാതെ തെരഞ്ഞെടുപ്പ് ജയിക്കുന്ന ബി.ജെ.പിയുടെ ‘സൂറത്ത് മോഡൽ’ നടപ്പാക്കി കൊടുത്തത് കോൺഗ്രസ് സ്ഥാനാർഥി. തുടക്കം തൊട്ട് ബി.ജെ.പി ഓപറേഷനിൽ പങ്കാളിയായ സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ നിലേഷ് കുംഭാണി നാമനിർദേശ പത്രികയിൽ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും പകരം സ്വന്തക്കാരെ കൊണ്ട് വ്യാജ ഒപ്പുകൾ ചാർത്തിച്ചാണ് ഒരു ലോക്സഭാ സീറ്റ് നേടിക്കൊടുത്തത്. അവശേഷിച്ച ബി.എസ്.പി സ്ഥാനാർഥിയെ കൂടി പിൻവലിപ്പിച്ച് ‘ഓപറേഷൻ നിർവിരോധ്’ (എതിരാളിയില്ലാ ഓപറേഷൻ) പൂർത്തിയാക്കാൻ ഗുജറാത്ത് ക്രൈംബ്രാഞ്ചിനെയും ഉപയോഗിച്ചു.
പാർട്ടി നേതൃത്വത്തെ അറിയിക്കാതെ ബന്ധുവായ ജഗ്ദിയാ സവാലിയാ, ബിസിനസ് പങ്കാളികളായ ധ്രുവിൻ ധാമേലിയ, രമേശ് പോൽറാ എന്നിവരെ നാമനിർദേശം ചെയ്യുന്നവരായും പിന്തുണക്കുന്നവരായും പത്രികയിൽ ഒപ്പു വെപ്പിച്ചത് നിലേഷ് കുംഭാണിയാണ്. ഇവർ വെച്ച ഒപ്പുകൾ വ്യാജവുമായിരുന്നു. ഇത് കൂടാതെ കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർഥിയായി സുരേഷ് പഡ്സാലയുടെ നാമനിർദേശ പത്രികാ സമർപ്പണവും നിലേഷ് കുംഭാണി ഏറ്റെടുത്തു.
മറ്റൊരു ബന്ധുവായ ഭൗതിക് കോൽഡിയായെ കൊണ്ട് ഡമ്മി സ്ഥാനാർഥിയുടെ പത്രികയിലും വ്യാജ ഒപ്പുവെപ്പിച്ചു. വ്യാജ ഒപ്പുവെച്ച ബന്ധുക്കളെയും സ്വന്തക്കാരെയും പത്രികാ സമർപ്പണ സമയത്ത് റിട്ടേണിങ് ഓഫിസർക്ക് മുന്നിൽ കോൺഗ്രസ് സ്ഥാനാർഥി ഹാജരാക്കിയതുമില്ല. പത്രികാ സമർപ്പിച്ച് നിലേഷ് അപ്രത്യക്ഷനാകുകയും ചെയ്തു. ബി.ജെ.പിയുമായി ചേർന്ന് നടത്തുന്ന കളി ലക്ഷ്യം കാണുന്നത് വരെ പാർട്ടി നേതൃത്വത്തെയും പ്രവർത്തകരെയും നിലേഷ് കുംഭാണി ഇരുട്ടിൽ നിർത്തി.
നിലേഷ് കുംഭാണിയുടെ പിന്മാറ്റത്തോടെ സൂറത്തിൽ മത്സര രംഗത്ത് അവശേഷിച്ചത് ബി.എസ്.പി സ്ഥാനാർഥി പ്യാരേലാൽ ഭാരതി അടക്കം നാല് സ്ഥാനാർഥികൾ. ബി.എസ്.പി സ്ഥാനാർഥി സൂറത്തിൽനിന്ന് വഡോദരയിലെ ഫാം ഹൗസിലെത്തിയിരുന്നു. എന്നാൽ കോൺഗ്രസ് സ്ഥാനാർഥി സ്വന്തം റോൾ ഭംഗിയായി നിർവഹിച്ചുകൊടുത്തതോടെ ബി.എസ്.പി സ്ഥാനാർഥിയെ കിട്ടാൻ ക്രൈം ബ്രാഞ്ചിനെ നിയോഗിച്ചു. മൊബൈൽ ലൊക്കേഷൻ നോക്കി പ്യാരേലാലിനെ കണ്ടെത്തി. സർദാർ വല്ലഭായ് പട്ടേൽ പാർട്ടി, ഗ്ലോബൽ റിപ്പബ്ലിക്കൻ പാർട്ടി, ലോഗ് പാർട്ടി എന്നീ മൂന്ന് ചെറുകിട പാർട്ടികളുടെ സ്ഥാനാർഥികളെ കൂടി ഇത് പോലെ പിന്തുടർന്ന് കണ്ടെത്തി പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസം പിൻവലിപ്പിച്ചു.
സൂറത്ത് തെരഞ്ഞെടുപ്പ് അട്ടിമറി യാദൃശ്ചികമല്ലെന്നും ആലോചിച്ചുറപ്പിച്ചു ചെയ്തതാണെന്നും തെളിയിക്കുന്നതാണ് മത്സര രംഗത്തെ നാല് സ്വതന്ത്രരുടെ പിന്മാറ്റം. ആദ്യമായി പിന്മാറിയതും ഇവരെയായിരുന്നു. ഇവരെ നാല് പേരെയും ഫോൺ ചെയ്ത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഒരുമിച്ചിരുത്തിയായിരുന്നു ഇവരെ കൊണ്ട് നാമനിർദേശ പത്രികകൾ പിൻവലിപ്പിച്ചത്. ഈ സ്ഥാർഥികളുടെ സമുദായ നേതാക്കളെ വിളിച്ച് ബി.ജെ.പി സമ്മർദത്തിലാക്കിയതോടെ ബി.ജെ.പി സ്ഥാനാർഥിക്കായി തങ്ങൾ പിന്മാറുകയാണെന്ന് നാല് സ്വതന്ത്ര സ്ഥാനാർഥികളും പ്രഖ്യാപിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഒരു രാജ്യം ഒരു സ്ഥാനാർഥി എന്ന നിലയിലാക്കിയെന്ന് പ്രതിപക്ഷം വിമർശിക്കുമ്പോഴും ബി.ജെ.പിയുടെ ഈ തന്ത്രം നടപ്പാക്കികൊടുത്തത് സ്വന്തം സ്ഥാനാർഥി ആണെന്നത് കോൺഗ്രസിനും ഇൻഡ്യ സഖ്യത്തിനും ഒരു പോലെ നാണക്കേടായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.