താജ്മഹൽ വഖഫ് ബോർഡിന്‍റെത് എന്ന് തെളിയിക്കാൻ ഷാജഹാന്‍റെ ഒപ്പുണ്ടോയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: താജ് മഹൽ സുന്നി വഖഫ് ബോർഡിന്‍റേതാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് സുപ്രീംകോടതി. മുഗൾ ചക്രവർത്തി ഷാജഹാന്‍റെ ഒപ്പ് ഉൾപ്പടെയുള്ള രേഖകൾ ഹാജരാക്കാനാണ് സുപ്രീംകോടതി വഖഫ് ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

താജ്മഹൽ തങ്ങളുടെ ‍ അധീനതയിലാണെന്ന് കാണിച്ച് 2005ൽ സുന്നി വഖഫ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തരവിനെതിരെ സ്റ്റേ നിലനിൽക്കുന്നുണ്ട്.

ഇന്ത്യയിൽ ആരെങ്കിലും താജ്മഹൽ വഖഫ് ബോർഡിന്‍റേതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വഖഫ്നാമയിൽ ഷാജഹാൻ ഒപ്പു വെച്ചിട്ടുണ്ടോ? ഷാജഹാൻ എപ്പോഴാണ് വഖഫ് ബോർഡിന് ഇത് കൈമാറിയത്?  സ്മാരകത്തിന്‍റെ ചരിത്രം ഓർമിപ്പിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. 

ഷാജഹാന്‍റെ കാലം മുതൽ തന്നെ വഖഫ്നാമ പ്രകാരം സ്വത്ത് ബോർഡിന് അവകാശപ്പെട്ടതായിരുന്നു എന്ന വാദമാണ് വഖഫ് ബോർഡിനുവേണ്ടി ഹാജരായ അഭിഭാഷകൻ വി.വി ഗിരി ഉന്നയിച്ചത്.

അക്കാലത്ത് വഖഫ്നാമ നിലവിലുണ്ടായിരുന്നില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരായ എ.ഡി.എൻ റാവു വ്യക്തമാക്കി. 1858ലെ വിളംബരമനുസരിച്ച് അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹാദുർ ഷാ സഫറിൽ നിന്നും ബ്രിട്ടീഷ് രാജ്ഞിയാണ് സ്വത്തുക്കൾ ഏറ്റെടുത്തത്. 1948ലെ നിയമമനുസരിച്ച് ഈ സ്വത്തെല്ലാം ഇന്ത്യൻ സർക്കാറിന് അവകാശപ്പെട്ടതായി മാറി എന്നും അദ്ദേഹം വാദിച്ചു.

പുത്രൻ ഔറംഗസേബ് ആഗ്ര ഫോർട്ടിൽ തടവിലാക്കിയതിന് ശേഷം  തടവറയിൽ നിന്നുമാണ് ഷാജഹാൻ താജ്മഹൽ കണ്ടിരുന്നത്. തടവറയിലായിരുന്ന ഷാജഹാൻ എങ്ങനെയാണ് വഖഫ്നാമയിൽ ഒപ്പുവെച്ചത്? ഷാജഹാന്‍റെ കയ്യക്ഷരത്തിലുള്ള, അദ്ദേഹം ഒപ്പുവെച്ച ആ രേഖ കാണിച്ചുതരാൻ കഴിയുമോ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. 

Tags:    
News Summary - Taj Mahal a Waqf Property? Bring Shah Jahan's Signature First, Says Supreme Court-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.