ഓൺലൈൻ ചൂതാട്ട നിരോധന ബിൽ തമിഴ്നാട് നിയമസഭ പാസാക്കി

ചെന്നൈ: ഓൺലൈൻ റമ്മി ഉൾപ്പെടെ ഓൺലൈൻ ചൂതാട്ട നിരോധന ബിൽ തമിഴ്നാട് നിയമസഭ പാസാക്കി. ബിൽ നിയമമന്ത്രി എസ്. രഘുപതിയാണ് അവതരിപ്പിച്ചത്. സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബർ 1ന് ഗവർണർ ഒപ്പുവെച്ച ഓൺലൈൻ ചൂതാട്ട നിരോധന ഓർഡിനൻസിന് പകരമാണ് പുതിയ നിയമം.

ബിൽ നിയമമാകുന്നതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും നിയമവിരുദ്ധമാകും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം നൽകരുതെന്നും വ്യക്തമാക്കുന്നു. ചൂതാട്ടം നടത്തുന്നവർക്കും കളിക്കുന്നവർക്കും മൂന്ന് വർഷം തടവ് ശിപാർശ ചെയ്യുന്നു.

ഇതോടെ ഓൺലൈൻ ഗെയിമിങ് നിരോധിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമാകുകയാണ് തമിഴ്നാട്. നേരത്തെ തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങൾ ഇവ നിരോധിച്ചിരുന്നു.

ഓൺലൈൻ ഗെയിമുകൾ കളിച്ച് വൻ സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യ പെരുകിയതോടെ ഇതിനെ കുറിച്ച് പഠിക്കാൻ റിട്ട. ഹൈകോടതി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു. ഐ.ഐ.ടി ടെക്‌നോളജിസ്റ്റ് ഡോ. ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ. ലക്ഷ്മി വിജയകുമാർ, അഡീഷനൽ ഡി.ജി.പി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങൾ.

Tags:    
News Summary - Tamil Nadu Assembly Passes Bill To Ban And Regulate Online Gambling Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.