പട്ന: രണ്ടുപേരെ അറസ്റ്റ് ചെയ്തതോടെ ഭീകരാക്രമണത്തിനുള്ള പദ്ധതി തകർത്തതായി ബിഹാർ പൊലീസ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള ഝാർഖണ്ഡ് പൊലീസ് റിട്ട. ഓഫിസർ മുഹമ്മദ് ജലാലുദ്ദീൻ, അത്താർ പർവേസ് എന്നിവരെയാണ് ബുധനാഴ്ച ഭീകരബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. പൂൽവാരി ശരീഫ് എ.എസ്.പി മനീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ജലാലുദ്ദീൻ നേരത്തെ 'സിമി' പ്രവർത്തകനായിരുന്നു. ഇവർ പ്രദേശവാസികൾക്ക് ആയുധ പരിശീലനം നൽകിയിരുന്നു. വർഗീയ കലാപമുണ്ടാക്കാനും പ്രേരണ നൽകി. മറ്റ് സംസ്ഥാനങ്ങളിലുള്ളവരും അറസ്റ്റിലായവരെ പട്നയിൽ സന്ദർശിച്ചിരുന്നു. സന്ദർശകർ വ്യാജപേര് നൽകിയാണ് പട്നയിൽ താമസിച്ചതെന്നും എ.എസ്.പി ആരോപിച്ചു. അറസ്റ്റിലായവരിൽ നിന്ന് തീവ്രവാദവുമായി ബന്ധപ്പെട്ട ലഘുലേഖകൾ കണ്ടെടുത്തു. ബിഹാറിൽ നടന്ന ബോംബ് സ്ഫോടനങ്ങളിൽ പ്രതിയായ പർവേസിന്റെ സഹോദരൻ 2002ൽ ജയിലിലായിരുന്നു. 'സിമി'യെ നിരോധിച്ച ശേഷമായിരുന്നു സ്ഫോടനങ്ങളുണ്ടായതെന്നും പൊലീസ് ആരോപിക്കുന്നു.
പർവേസ് നിരവധി വിദേശ സംഘടനകളിലെ പ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നതായും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് പറയുന്നു. അറസ്റ്റിലായവരുടെ പണമിടപാട് എൻഫോഴ്സ്മെന്റ് ഡയറക്ടറേററ്റ് (ഇ.ഡി) അന്വേഷിക്കുമെന്നും എ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.