ന്യൂഡൽഹി: പി.ടി ഉഷ കായിക താരങ്ങളെ അവഗണിച്ചെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. നീതിക്ക് വേണ്ടിയുള്ള നിങ്ങളുടെ സഹകായിക താരങ്ങളുടെ പ്രതിഷേധത്തെ ഇകഴ്ത്തിയത് ശരിയായില്ല. അവകാശങ്ങൾക്കായി അവർ പോരാടുന്നത് രാജ്യത്തിന്റെ പ്രതിഛായ തകർക്കില്ല. അവരുടെ ആശങ്കകൾ അവഗണിക്കുന്നതിന് പകരം അക്കാര്യത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.
ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവായ നീരജ് ചോപ്രയും രംഗത്തെത്തിയിരന്നു. നീതിക്കായി അത്‍ലറ്റുകൾക്ക് തെരുവിൽ നിൽക്കേണ്ടി വരുന്നത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര പറഞ്ഞു. ഇക്കാര്യത്തിൽ അതിവേഗ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ അഭിമാനം ഉയർത്തിയവരാണ് അത്‍ലറ്റുകൾ. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതും ആത്മാഭിമാനം സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണെന്നും ചോപ്ര പറഞ്ഞു.ഒരിക്കലും സംഭവിക്കാത്തതാണ് ഇപ്പോൾ സംഭവിക്കുന്നത്. വളരെ വൈകാരികമായൊരു വിഷയമാണ്. ഇക്കാര്യത്തിൽ പക്ഷപാതിത്വമില്ലാതെയും സുതാര്യമായും തീരുമാനമെടുക്കണമെന്നും നീരജ് ചോപ്ര ആവശ്യപ്പെട്ടു. വിഷയത്തിൽ എത്രയും പെട്ടെന്ന് നീതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവും ഗുസ്തി താരങ്ങളെ പിന്തുണച്ച് രംഗത്തെത്തി. ഇവർക്ക് എപ്പോഴെങ്കിലും നീതി കിട്ടുമോ എന്ന ചോദ്യത്തോടെ ഗുസ്തി താരങ്ങൾ വാർത്തസമ്മേളനം നടത്തുന്നതിന്റെ ചിത്രങ്ങളാണ് കപിൽദേവ് പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.