ശിരോവസ്ത്ര കേസിലെ ജഡ്ജിമാർക്ക് വധഭീഷണി; മൂന്നു പേർ അറസ്റ്റിൽ

ബംഗളൂരു: ശിരോവസ്ത്ര കേസിൽ വിധി പറഞ്ഞ കർണാടക ഹൈകോടതി സ്പെഷൽ ബെഞ്ചിലെ ജഡ്ജിമാർക്ക് വധഭീഷണി ഉയർത്തിയെന്ന കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. തമിഴ്നാട് തൗഹീദ് ജമാഅത്ത് (ടി.എൻ.ടി.ജെ) ഭാരവാഹികളായ കോവൈ റഹ്മത്തുല്ല, എസ്. ജമാൽ മുഹമ്മദ് ഉസ്മാനി, ഹബീബുല്ല എന്നിവരാണ് അറസ്റ്റിലായത്.

റഹ്മത്തുല്ലയെ തിരുനെൽവേലിയിൽനിന്നും ജമാലിനെ തഞ്ചാവൂരിൽനിന്നുമാണ് തമിഴ്നാട് പൊലീസ് ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനായ സുധ കട്വ ബംഗളൂരു വിധാൻസൗധ പൊലീസിൽ നൽകിയ പരാതിയിൽ ഇന്ത്യൻ ശിക്ഷനിയമത്തിലെ 506 (1), 505 ഒന്ന് ബി, 153 എ, 109, 504 വകുപ്പുകൾ ചുമത്തി കേസെടുത്തു. ഈ കേസ് മധുരൈ പൊലീസിന് കൈമാറുമെന്ന് ബംഗളൂരു പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ കർണാടകയിലും തമിഴ്നാട്ടിലുമായി നിരവധി പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.

ജഡ്ജിമാർക്കെതിരായ വധഭീഷണി സംബന്ധിച്ച് അഭിഭാഷകരായ സുധ കട്വ, ഉമാപതി എന്നിവർ കർണാടക ഹൈകോടതി രജിസ്ട്രാർക്കും കത്ത് നൽകി. വധഭീഷണിയെ തുടർന്ന് മൂന്ന് ജഡ്ജിമാരുടെയും സുരക്ഷ വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. മൂവർക്കും വൈ കാറ്റഗറി സുരക്ഷയൊരുക്കും. ജഡ്ജിമാരുടെ വീടുകൾക്കും കനത്ത സുരക്ഷയൊരുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

കർണാടകയിലെ കോളജുകളിലെ ശിരോവസ്ത്ര നിരോധനത്തിനെതിരെ ഉഡുപ്പി ഗവ. പി.യു വനിത കോളജിലെ ഒരു കൂട്ടം വിദ്യാർഥിനികൾ നൽകിയ ഹരജിയിൽ മാർച്ച് 15നാണ് കർണാടക ഹൈകോടതി വിധി പുറപ്പെടുവിച്ചത്.

വിലക്ക് ശരിവെച്ചുള്ള ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് ജൈബുന്നീസ എം. കാസി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങുന്ന ഭരണഘടന ബെഞ്ചിന്‍റെ ഉത്തരവിനെതിരെ രാജ്യത്തുടനീളം വ്യാപക പ്രതിഷേധമുയർന്നിരുന്നു.

മാർച്ച് 17ന് മധുരൈ ഗൗരിപാളയത്ത് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലായിരുന്നു ടി.എൻ.ടി.ജെ നേതാവ് കോവൈ റഹ്മത്തുല്ലയുടെ വിവാദ പ്രസംഗം.

ശിരോവസ്ത്ര കേസിലെ വിധിയെ തുടർന്ന് ജഡ്ജിമാർ കൊല്ലപ്പെട്ടാൽ അവരുടെ മരണത്തിന് അവർ മാത്രമാകും ഉത്തരവാദികളെന്നും കർണാടക ചീഫ് ജസ്റ്റിസ് പ്രഭാതസവാരിക്ക് എവിടെയാണ് പോകുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും ഝാർഖണ്ഡിലെ ജഡ്ജിയുടെ അപകട മരണത്തെ വ്യംഗ്യേന സൂചിപ്പിച്ച് റഹ്മത്തുല്ല പറഞ്ഞിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിഷയത്തിൽ നടപടിയാവശ്യപ്പെട്ട് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് എം.എൻ. ഭണ്ഡാരിക്ക് കത്തുനൽകിയിരുന്നു.

Tags:    
News Summary - To the judges in the headscarf case Death threats; Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.