ഇന്ത്യയിലെ അന്തരീക്ഷം നല്ലതല്ല; തന്റെ കുട്ടികളോട് വിദേശത്ത് ജീവിക്കാൻ ഉപദേശിച്ചുവെന്ന് ആർ.ജെ.ഡി നേതാവ്

പാട്ന: തന്റെ കുട്ടികളോട് വിദേശത്ത് ജോലി നേടി അവിടെ ജീവിക്കാൻ ഉപദേശിച്ചുവെന്ന് ബിഹാറിലെ മുതിർന്ന ആർ.ജെ.ഡി നേതാവ്. ആർ.ജെ.ഡി ദേശീയ സെക്രട്ടറി അബ്ദുൽ ബാരി സിദ്ദീഖിയാണ് തന്റെ കുട്ടികളോട് വിദേശത്ത് ജീവിക്കാൻ ഉപദേശിച്ചത്. രാജ്യം മുസ്‍ലിംകളോട് പക്ഷഭേദം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം വ്യക്തമാക്കുന വ്യക്തിഗത ഉദാഹരണം ഉണ്ട്. എനിക്ക് ഹാർവാഡിൽ പഠിക്കുന്ന മകനും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിക്കുന്ന മകളും ഉണ്ട്. ഞാൻ അവരോട് പറഞ്ഞത് വിദേശത്ത് തന്നെ ജോലി കണ്ടെത്തുക, പറ്റുകയാണെങ്കിൽ അവിടുത്തെ പൗരൻമാരായി ജീവിക്കുക എന്നാണ്. ഞാൻ ഇപ്പോഴും ഇന്ത്യയിലാണ് ജീവിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി അവർ അവിശ്വാസത്തോടെ പ്രതികരിച്ചപ്പോൾ, ഞാൻ പറഞ്ഞത് അവർക്ക് ഇവിടെ പൊരുത്തപ്പെടാൻ സാധിക്കില്ല എന്നാണ്’ - ആർ.ജെ.ഡി നേതാവ് വ്യക്തമാക്കി.

മുസ്‍ലിംകൾ ബുദ്ധിമുട്ടുന്നുവെന്ന് അദ്ദേഹം നേരിട്ട് പറയുകയോ ബി.ജെ.പിക്കെതിരെ പരാമർശിക്കുകയോ ചെയ്തിട്ടില്ലെങ്കിലും ബിഹാറിലെ ബി.ജെ.പി അദ്ദേഹതിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. പരാമർശത്തെ അപലപിച്ച ബി.ജെ.പി അദ്ദേഹത്തോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.

സിദ്ദീഖിയുടെ പരാമർശം ഇന്ത്യാ വിരുദ്ധതയാണ്. അദ്ദേഹത്തിന് അത്രക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇവിടെ രാഷ്ട്രീയ നേതാവെന്ന നിലയിൽ അദ്ദേഹം അനുഭവിക്കുന്ന പരിഗണനകളും സന്തോഷങ്ങളും ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോകട്ടെ. ആരും അദ്ദേഹത്തെ തടയില്ല. - ബി.ജെ.പിയുടെ സംസ്ഥാന വക്താവ് പറഞ്ഞു. 

Tags:    
News Summary - "Told Children To Settle Abroad, Atmosphere Not Good Here": RJD Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.