ഇരുട്ട് മുറിയിൽവെച്ച് ഉപദ്രവിച്ചു, കുറ്റം സമ്മതിക്കാൻ നിർബന്ധിച്ചു; പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനത്തിന് ഇരയായെന്ന് യുവതി

അമരാവതി: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ പൊലീസ് സ്റ്റേഷനുള്ളിൽ യുവതിയെ ക്രൂരമായി ഉപദ്രവിച്ചതായി പരാതി. ലക്ഷ്മി നഗർ കോളനി നിവാസിയായ എം. ഉമാമഹേശ്വരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തെലുങ്കു ദേശം പാർട്ടി ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് യുവതിയുടെ ആരോപണം.

ചിറ്റൂർ ജില്ല ജയിൽ സുപ്രണ്ട് വേണുഗോപാൽ റെഡ്ഡിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ഉമാമ​ഹേശ്വരി. പതിവുപോലെ ജോലിക്കായി വീട്ടിലെത്തിയപ്പോൾ റെഡ്ഡിയും ഭാര്യയും തമ്മിൽ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തർക്കം നടന്നതായി ഉമാമഹേശ്വരി വീഡിയോയിൽ പറഞ്ഞു. പണമെവിടെയെന്ന് റെഡ്ഡി തന്നോട് ചോദിച്ചെന്നും അറിയില്ലെന്ന് മറുപടി നൽകിയതിന് പിന്നാലെ യുവതിയെ പ്രതിചേർത്ത് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

കസ്റ്റഡിയിലെടുത്തശേഷം പൊലീസ് യുവതിയേയും ഭർത്താവിനേയും ചോദ്യം ചെയ്തെന്നും, കുറ്റം സമ്മതിക്കാൻ നിർബന്ധിച്ചെന്നും യുവതി ആരോപിച്ചു. പൊലീസ് അസഭ്യമായ ഭാഷ ഉപയോഗിച്ചെന്നും, ഇരുട്ട് മുറിയിൽ കൊണ്ടുപോയി ഉപദ്രവിച്ചെന്നും യുവതി വീഡിയോയിൽ പറഞ്ഞു.

അതേസമയം ചിറ്റൂർ 1 പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീനിവാസ റാവു ആരോപണങ്ങൾ നിഷേധിച്ചു. പണം നഷ്ടപ്പെട്ടെന്ന് റെഡ്ഡി പരാതി നൽകിയതിന് പിന്നാലെ യുവതിക്ക് ഔദ്യോഗിക നോട്ടീസ് നൽകുകയും, സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ യുവതി പണം താൻ മോഷ്ടിച്ചതാണെന്നും, ഭർത്താവിന്‍റെ കൈവശം പണം ഏൽപ്പിച്ചിട്ടുണ്ടെന്നും മൊഴി നൽകി. പൊലീസ് അനുവാദം നൽകിയാൽ ഭർത്താവിന്‍റെ കൈക്കൽ നിന്നും പണം വാങ്ങി തിരിച്ചേൽപ്പിക്കാമെന്നും യുവതി പറഞ്ഞതായി എസ്.ഐ അറിയിച്ചു.

യുവതിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, പൊലീസ് യുവതിയെ കൈയ്യേറ്റം ചെയ്യുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം അപരിഷ്കൃതവും ക്രൂരവുമാണെന്ന് ടി.ഡി.പി പ്രതികരിച്ചു.

Tags:    
News Summary - Tortured In Dark Room Alleges Andhra Woman against Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.