മുങ്ങിയ വരനെ കണ്ടെത്താൻ വിവാഹ വേഷത്തിൽ യുവതി താണ്ടിയത് 20 കിലോമീറ്റർ

ലഖ്നോ: വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുങ്ങിയ വരനെ കൈയോടെ പൊക്കി വിവാഹ വേദിയിലെത്തിച്ച് വധു. യു.പിയിലെ ബറേലിയിലാണ് സംഭവം. രണ്ടരവർഷത്തെ പ്രണയത്തിനൊടുവിലാണ് യുവതിയും യുവാവും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാൻ തീരുമാനിച്ചത്. വിവാഹത്തിന്റെ ഒരുക്കങ്ങളും പൂർത്തിയായി. ഞായറാഴ്ച ബറേലി നഗരത്തിന് പുറത്തുള്ള ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

എന്നാൽ മുഹൂർത്തമായിട്ടും വരനെ കാണാതിരുന്നതോടെ എല്ലാവർക്കും പരിഭ്രമമായി. ഫോണിലേക്ക് വിളിച്ചപ്പോൾ അമ്മയെ വേദിയിലേക്ക് ​കൊണ്ടുവരാൻ പോയതാണെന്നായിരുന്നു യുവാവിന്റെ മറുപടി. എന്നാൽ അത് കള്ളമാണെന്നും വരൻ മുങ്ങിയതാണെന്നും യുവതിക്ക് മനസിലായി. തുടർന്ന് കരഞ്ഞിരിക്കാൻ തയാറാകാതെ വിവാഹവേഷത്തിൽ തന്നെ യുവതി വരനെ തേടിയിറങ്ങി.

20 കിലോമീറ്റർദൂരം പിന്നിട്ടപ്പോൾ ബറേലി നഗരപരിധിക്ക് പുറത്തുള്ള പൊലീസ് സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പിൽ വെച്ച് യുവാവിനെ കൈയോടെ പിടികൂടി. അതോടെ രണ്ടരമണിക്കൂർനീണ്ട നാടകീയ സംഭവങ്ങൾക്ക് പര്യവസാനമായി. പിന്നീട് അതേ ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടന്നു.

എന്നാൽ വരൻ മുങ്ങാനുള്ള കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഫോട്ടോ സഹിതം ഇതിന്റെ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ജീവിതത്തിലെ പ്രധാനപ്പെട്ട സന്ദർഭത്തിൽ മുങ്ങിയ ഒരാൾ പിന്നീടും അതേ സ്വഭാവം കാണിക്കില്ലേ എന്ന ആശങ്ക പലരും വാർത്തക്കു താഴെ പങ്കുവെച്ചിട്ടുണ്ട്. ഒളിച്ചോടിയ വരനെ തിരികെ കൊണ്ടുവന്ന വധുവിനെ അഭിനന്ദിച്ചും നിരവധി പേർ പ്രതികരിച്ചിട്ടുണ്ട്.

Tags:    
News Summary - UP Bride chases runaway Groom over 20 km, brings him back to wedding mandap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.