ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് യു.പിയിൽ ദലിത് വിദ്യാർഥിക്ക് മർദനം

ലഖ്നോ: ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് യു.പിയിൽ ദലിത് വിദ്യാർഥിക്ക് മർദനം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരുകൂട്ടം വിദ്യാർഥികൾ ചേർന്ന് ദലിത് വിദ്യാർഥിയോട് ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വാട്സാപ്പ് സ്റ്റാറ്റസായി ബി.ആർ അംബേദ്കറിന്റെ ചിത്രം വെച്ചതിനെ തുടർന്നാണ് വിദ്യാർഥിക്ക് മർദനമേറ്റത്. ഭാരതീയ ന്യായ് സൻഹിത പ്രകാരം ദലിത് വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾക്ക് ചുമത്തുന്ന വകുപ്പ് പ്രകാരം ഇക്കാര്യത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം, താനും കുടുംബവും ബുദ്ധമതത്തെയാണ് പിന്തുടരുന്നതെന്ന് മർദന​മേറ്റ വിദ്യാർഥി പറഞ്ഞു. സഹോദരന്റെ ഫോണിലൂടെ അംബേദ്ക്കറിന്റേയും മറ്റ് ബുദ്ധിസ്റ്റ് നേതാക്കളുടെയും ചിത്രങ്ങൾ പങ്കുവെച്ചുവെന്നും ഇതാണ് തന്നെ ആക്രമിക്കാനുള്ള കാരണമെന്നും വിദ്യാർഥി കൂട്ടിച്ചേർത്തു.

സ്കൂൾ വിട്ടതിന് ശേഷമാണ് ഒരുകൂട്ടം മുതിർന്ന വിദ്യാർഥികളെത്തി ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടത്. വിസമ്മതിച്ചതോടെ തന്നെ മർദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തുവെന്ന് വിദ്യാർഥി പറഞ്ഞു. സനാതന ധർമ്മം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അക്രമം നടത്തിയതെന്നും മർദിച്ചവർ പറഞ്ഞുവെന്ന് വിദ്യാർഥി കൂട്ടിച്ചേർത്തു.

Tags:    
News Summary - UP: Dalit teen assaulted, forced to chant communal slogan in Kanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.