ലഖ്നോ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടിയായി കൂടുമാറ്റം. മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയും ഉത്തർപ്രദേശ് സഹ ഇൻചാർജുമായ അജയ് കപൂറാണ് പാർട്ടി വിട്ട് ബി.ജെ.പിക്കൊപ്പം ചേർന്നത്. കോൺഗ്രസിനൊപ്പമുണ്ടായിരുന്ന 37 വർഷക്കാലം ആത്മാർത്ഥമായാണ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചത്. എന്നാൽ ഇന്ന് എല്ലാവരും ബി.ജെ.പിക്കൊപ്പം ചേരണമെന്നാണ് തനിക്ക് തോന്നുന്നതെന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ച് കപൂർ പറഞ്ഞു.
കോൺഗ്രസുമായുള്ള 37 വർഷം ആത്മാർത്ഥമായി തന്നെയാണ് പ്രവർതത്തിച്ചത്. എന്നാൽ ഇന്ന് തോന്നുന്നു, രാജ്യത്തിന്റെ വികസനത്തിനായി എല്ലാ മനുഷ്യരും ഭാരതീയ ജനതാ പാർട്ടിയുടെയപും മോദിയുടെ കുടുംബത്തിന്റെയും ഭാഗമാകണമെന്ന്. ഇനിയുള്ള ജീവിതം ബി.ജെ.പിക്ക് വേണ്ടി മാറ്റിവെക്കുകയാണ്, കപൂർ പറഞ്ഞു. മോദി യുഗപുരുഷനാണ്. ഇനിമുതൽ തൻ്റേത് പുതിയ ജീവിതമാണെന്നും പ്രധാനമന്ത്രി മോദിയുടെ കുടുംബാംഗം എന്ന നിലയിൽ പാർട്ടിയെയും സമൂഹത്തെയും സത്യസന്ധമായി സേവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ ഗോവിന്ദ്നഗർ നിയമസഭാ സീറ്റിൽ നിന്നുള്ള എം.എൽ.എയായിരുന്നു അജയ് കപൂർ. കോൺഗ്രസ് ടിക്കറ്റിൽ മൂന്ന് തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട കപൂർ 1967ലാണ് ജനിച്ചത്. 2002-ൽ ഗോവിന്ദ്നഗറിൽ നിന്ന് ആദ്യമായി കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം 2007-ൽ വീണ്ടും അതേ സീറ്റിൽ നിന്ന് വിജയിച്ചു. 2012ലെ പൊതുതെരഞ്ഞെടുപ്പിൽ കിദ്വായ് നഗർ മണ്ഡലത്തിൽ നിന്നാണ് കപൂർ വിജയിച്ചത്.
അതേസമയം ഏറെക്കാലം ബിഹാറിലും സേവനമനുഷ്ഠിച്ചിരുന്ന കപൂറിന്റെ പാർട്ടി പ്രവേശം തങ്ങൾക്ക് പൊതുതെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.