കശ്മീർ പോലുള്ള കത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഗൗരവവും ആത്മാർഥവുമായ ചർച്ചകൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്. യു.എ.ഇ സന്ദർശനത്തിനിടെ അൽ അറബിയ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. "നരേന്ദ്ര മോദിയോട് എനിക്ക് നൽകാനുള്ള സന്ദേശം ഇതാണ്, നമുക്ക് ഒരു മേശക്ക് ചുറ്റിലും ഇരിക്കാം. ആത്മാർഥതയോടെ, ഗൗരവത്തോടെ വിഷയങ്ങൾ സംസാരിക്കാം’’, അദ്ദേഹം പറഞ്ഞു.
‘‘പാകിസ്താനും ഇന്ത്യയും അയൽക്കാരാണ്. പരസ്പര സഹകരണത്തോടെ ജീവിക്കേണ്ടവർ. സമാധാനത്തോടെ ജീവിച്ച് പുരോഗതി നേടുകയാണ് വേണ്ടത്. അല്ലാതെ പരസ്പരം കലഹിച്ച് സമയവും വിഭവങ്ങളും പാഴാക്കുകയല്ല. ഇരു രാജ്യങ്ങളും തമ്മിൽ മൂന്ന് യുദ്ധങ്ങളുണ്ടായി. അത് ജനങ്ങൾക്ക് കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് നൽകിയത്. ഞങ്ങൾ പാഠം പഠിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ, സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ദാരിദ്ര്യം ഇല്ലാതാക്കാനും അഭിവൃദ്ധി കൈവരിക്കാനും വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളും തൊഴിലവസരങ്ങളും ജനങ്ങൾക്ക് നൽകാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി നമ്മുടെ വിഭവങ്ങൾ പാഴാക്കരുത്’’ - ഇതാണ് പ്രധാനമന്ത്രി മോദിക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്ന സന്ദേശമെന്ന് ശഹബാസ് ശരീഫ് പറഞ്ഞു.
ഇരു രാജ്യങ്ങളും ആണവശക്തികളാണ്. ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ ആരാണ് ബാക്കിയുണ്ടാവുക. കശ്മീരിൽ നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങൾ അനുദിനം നടക്കുന്നുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇത് അവസാനിപ്പിക്കുകയും അർഥവത്തായ ചർച്ചകൾക്ക് തങ്ങൾ തയാറാണെന്ന സന്ദേശം ലോകത്തിന് നൽകുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.