ന്യൂഡൽഹി: വെടിയുണ്ടയോ പ്രശ്നപരിഹാരമോ ആവട്ടെ, സർക്കാറിൽ നിന്ന് അത് ഏറ്റുവാങ്ങി മാത്രമേ പ്രക്ഷോഭത്തിൽ നിന്ന് മടക്കമുള്ളൂവെന്ന് കർഷകർ. കർഷകവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നതല്ലാതെ മറ്റൊരു സന്ധിക്കും തയാറല്ലെന്നും കർഷകർ പ്രഖ്യാപിച്ചു. ഇന്ന് കേന്ദ്ര സർക്കാർ പ്രതിനിധികളും കർഷക സംഘടനകളുമായി നടന്ന ചർച്ച സമവായത്തിലെത്താതെ പിരിയുകയാണുണ്ടായത്.
'കാർഷിക നിയമങ്ങൾക്കെതിരായ ഞങ്ങളുടെ പ്രക്ഷോഭം തുടരുക തന്നെ ചെയ്യും. വെയുണ്ടയായാലും പരിഹാരമായാലും സർക്കാറിൽ നിന്ന് ഞങ്ങൾക്ക് എന്തെങ്കിലും തിരികെ വേണം. സർക്കാറുമായി കൂടുതൽ ചർച്ചക്ക് തയാറാണ്' -ഇന്നത്തെ ചർച്ചയിൽ പങ്കെടുത്ത കർഷക പ്രതിനിധികളിലൊരാൾ പറഞ്ഞു.
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാനായി വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന നിർദേശമാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വെച്ചത്. എന്നാൽ, ഈ നിർദേശം കർഷകർ തള്ളി. സമിതിയുണ്ടാക്കാനുള്ള സമയമല്ല ഇത് എന്ന് പ്രതിനിധികൾ ചർച്ചയിൽ തുറന്നടിച്ചു.
കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ പ്രക്ഷോഭവുമായി രംഗത്തെത്തുന്നതോടെ കേന്ദ്രം കൂടുതൽ പ്രതിസന്ധിയിലാകുകയാണ്. ഹരിയാനക്കും പഞ്ചാബിനും പുറമേ യു.പിയിലേയും ഝാർഖണ്ഡിലേയും കർഷകർ പ്രക്ഷോഭവുമായി ഡൽഹിയിലേക്ക് നീങ്ങുകയാണ്.
കർഷക സംഘടനകളുമായുള്ള മൂന്നാംവട്ട ചർച്ച വ്യാഴാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.