ന്യൂഡൽഹി: ഒമ്പതു മാസത്തിലേറെ നീണ്ട സംഘർഷത്തിനൊടുവിൽ ലഡാക്കിനോട് ചേർന്ന അതിർത്തിയിൽ ഇന്ത്യ- ചൈന സേനാ പിന്മാറ്റം. കിഴക്കൻ ലഡാക്കിലെ പാങ്ങോങ് തടാകത്തിെൻറ തെക്കും വടക്കും തീരപ്രദേശത്തുനിന്ന് സേനകൾ പിന്മാറുന്ന കാര്യത്തിൽ രണ്ടു രാജ്യങ്ങളും ധാരണ ഉണ്ടാക്കിയെന്നും പിന്മാറ്റം തുടങ്ങിക്കഴിഞ്ഞെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെൻറിെൻറ ഇരു സഭകളെയും അറിയിച്ചു.
പാങ്ങോങ് തടാക മേഖലയാണ് ഇരുസേനകളുടേയും സംഘർഷ കേന്ദ്രമായി നിന്നത്. ചൈനയുടെ പീപ്ൾസ് ലിബറേഷൻ ആർമി 'ഫിംഗർ 8' എന്ന പർവത ശിഖരത്തിനു കിഴക്കു മാറി തെക്കൻ തീരത്തു മാത്രം നിലയുറപ്പിക്കും. 'ഫിംഗർ 3'ക്കു സമീപത്തെ ധൻസിങ് ഥാപ്പ സ്ഥിരം താവളത്തിൽ ഇന്ത്യൻ സേന കേന്ദ്രീകരിക്കും.
പരസ്പര ബന്ധം വല്ലാതെ ഉലച്ചതിനൊടുവിൽ അതിർത്തി സംഘർഷം കുറക്കുന്നതിന് എത്തിച്ചേർന്ന ധാരണ ഇപ്രകാരമാണ്: കഴിഞ്ഞ ഏപ്രിൽ അവസാനം മുതൽ ഉണ്ടാക്കിയ എല്ലാ നിർമിതികളും നീക്കും. പരമ്പരാഗത മേഖലകളിൽ ഇരു രാജ്യങ്ങളും പട്രോളിങ് അടക്കം എല്ലാ സൈനിക പ്രവർത്തനങ്ങളും തൽക്കാലം നിർത്തിവെക്കും.
ചർച്ചകൾക്കു ശേഷം മാത്രം പുനരാരംഭിക്കും. മുന്നണി മേഖലകളിലെ സേനാ വിന്യാസം ഘട്ടംഘട്ടമായി, ഏറ്റവും നേരത്തേ പിൻവലിക്കും. മുൻകാല ഉഭയകക്ഷി ധാരണകൾ മാനിക്കും. രണ്ടു ദിവസത്തിനകംതന്നെ മുതിർന്ന സേനാ മേധാവികളുടെ അടുത്ത യോഗം വിളിച്ച് ബാക്കിനിൽക്കുന്ന വിഷയങ്ങൾ പരിഹരിക്കും.
ചൈനയുമായി നടത്തിയ ചർച്ചകളിൽ ഇന്ത്യ ഒന്നും വിട്ടുകൊടുത്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രി വിശദീകരിച്ചു. ഒരിഞ്ചു ഭൂമി പോലും മറ്റാരും കൈയടക്കാൻ അനുവദിക്കില്ല. ഇന്ത്യയുടെ നിശ്ചയദാർഢ്യം ചൈനക്ക് ബോധ്യപ്പെട്ടിരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം മേയ് അഞ്ചിനു മുമ്പത്തെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഏറെ മോശമായ സാഹചര്യങ്ങൾക്കിടയിലും സേന കാണിച്ച കരുത്തിനും അർപ്പണത്തിനും പ്രതിരോധ മന്ത്രി നന്ദി പറഞ്ഞു.
കഴിഞ്ഞ വർഷം മേയ് അഞ്ചിനുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് ഇന്ത്യയും ചൈനയും അതിർത്തിയിൽ സേനാ വിന്യാസം വർധിപ്പിച്ചത്. കഴിഞ്ഞ മാസം 24ന് നടന്ന, 16 മണിക്കൂർ നീണ്ട ഒമ്പതാം വട്ട സേനാതല ചർച്ചയിലാണ് പിന്മാറ്റ ധാരണ രൂപപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.