ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് നടക്കുന്ന മനുഷ്യവേട്ടയിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര കൂട്ടായ്മ. വിദ്യാഭ്യാസ വിദഗ്ധരും ചലച്ചിത്ര പ്രവർത്തകരും എഴുത്തുകാരും ഉൾപ്പെടെ 200 ഓളം പേരാണ് സംയുക്ത പ്രസ്താവനയുമായി രംഗത്ത് വന്നത്. ഭാഷാ പണ്ഡിതനും ആക്ടീവിസ്റ്റുമായ നോം ചോംസ്കി സംവിധായിക മീരാ നായർ, നടൻ രത്‌ന പതക് ഷാ, എഴുത്തുകാരായ അമിതാവ് ഘോഷ്, സൽമാൻ റുഷ്ദി, അരുന്ധതി റോയ്, പത്രപ്രവർത്തകൻ പി. സായിനാഥ്, ചലച്ചിത്ര നിർമാതാവ് നകുൽ സാവ്‌നി, പ്രശസ്ത പണ്ഡിതരായ ജൂഡിത്ത് ബട്‌ലർ, റോമില ഥാപ്പർ, ഷെൽഡൻ പൊള്ളോക്ക് തുടങ്ങിയവർ സംഘത്തിലുണ്ട്.
'തുല്യ പൗരത്വ അവകാശങ്ങൾ നിഷേധിക്കുന്ന സിഎഎ-എൻആർസിക്കെതിരെ പ്രതിഷേധിച്ചതിന് ഉമർ ഖാലിദിനെയും വ്യാജമായി പ്രതിചേർത്തതും അന്യായമായി തടവിലാക്കപ്പെട്ടവരുമായ എല്ലാവരെയും മോചിപ്പിക്കണമെന്ന് ഞങ്ങൾ ഇന്ത്യാ സർക്കാരിനോട് ആവശ്യപ്പെടുന്നു. ഭരണഘടനയ്ക്ക് വിധേയരായ സത്യപ്രതിജ്ഞ ചെയ്തവരെന്ന നിലയിൽ ഡൽഹി പൊലീസ് കലാപത്തെക്കുറിച്ച് നിഷ്പക്ഷതയോടെ അന്യേഷിക്കണമെന്നും ആവശ്യപ്പെടുന്നു'-പ്രസ്താവന പറയുന്നു.
'കലാപക്കേസിൽ കെട്ടിച്ചമച്ച തെളിവുകൾ ഉപയോഗിച്ച് 2020 സെപ്റ്റംബർ 14ന് ഡൽഹിയിൽ അറസ്റ്റുചെയ്ത ധീരനായ യുവ പണ്ഡിതനും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ഞങ്ങൾ െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നു. എന്താണ് ഉമർ ചെയ്ത കുറ്റം. തെൻറ രാജ്യത്തോടുള്ള പ്രതിബദ്ധതയാണ് തുല്യ പൗരത്വത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ അണിനിരക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒരു മതേതര രാഷ്ട്രത്തിൽ ഇത്തരമൊരു നിയമത്തിന് ഒരു സ്ഥാനവുമില്ലെന്ന് ഞങ്ങൾ മനസിലാക്കുന്നു'എന്നും പ്രസ്താവന പറയുന്നു.
ഉമർ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ ആരോപിക്കപ്പെടുന്ന ആളുകൾ തീവ്രവാദികളൊ ഭീകരവാദികളൊ അല്ല. ഡൽഹി കലാപത്തെക്കുറിച്ച് ഇപ്പോൾ നടക്കുന്ന പോലീസ് അന്വേഷണം അന്വേഷണമല്ലെന്നും ഇത് മുൻകൂട്ടി തീരുമാനിച്ച മനുഷ്യ വേട്ടയാണെന്നും പ്രസ്താവനയിലുണ്ട്. 'ഏതൊരു ജനതയുടേയും ഭാവി അവിടത്തെ യുവാക്കളാണ്. യുവാക്കൾക്ക് നീതി നേടിക്കൊടുക്കുന്നത് ഭാവി ജനാധിപത്യത്തോട് നാം കാണിക്കുന്ന നീതിപൂർവ്വകമായ പ്രവർത്തിയായിരിക്കും' എന്ന് പറഞ്ഞാണ് പ്രസ്താവന അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.