ന്യൂഡല്‍ഹി: വ്യക്തിപരമായ വിവരം സംരക്ഷിക്കേണ്ടത് ജീവിക്കാനുള്ള പൗരെൻറ മൗലികാവകാശത്തിെൻറ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. സ്വകാര്യത ഭരണഘടനപരമായ അവകാശമല്ല എന്ന് സ്ഥാപിക്കാൻ ആധാർ കേസിൽ ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്ര സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വാട്സ്ആപ് കേസില്‍ കേന്ദ്രം നേർവിപരീത നിലപാട് ബോധിപ്പിച്ചത്.
വാട്സ്ആപിെൻറ 2016ലെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട കേസ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചിന് മുന്നിലെത്തിയപ്പോഴാണ് കേന്ദ്രത്തിെൻറ ഇരട്ട നിലപാട് പുറത്തുവന്നത്. ഉപയോക്താക്കളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടതാണ് അവരുടെ വിവരങ്ങൾ എന്നതിനാൽ വിവരസംരക്ഷണത്തിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുമെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ സുപ്രീംകോടതിയിൽ അറിയിച്ചു. എവിടെയെല്ലാമാണ് വിവരം ഉപയോഗിക്കുന്നതെന്നും ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്. ഉപയോക്താക്കള്‍ക്കുമേല്‍ ഏകാധിപത്യപരമായ തീരുമാനം അടിച്ചേല്പിക്കാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നതുവരെ വിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടുമെന്നതാണ് ചോദ്യമെന്നും കോടതി പറഞ്ഞു.
സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയം സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് പരിശോധിക്കുന്ന സാഹചര്യത്തില്‍ അതിനുശേഷമേ ഇക്കാര്യം പരിഗണിക്കാവൂ എന്ന് അവർക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചു. നിയന്ത്രണം കൊണ്ടുവരുന്നതിന് വാട്സ്ആപ് എതിരല്ലെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു. തുടര്‍ന്ന് കേസ് സെപ്റ്റംബര്‍ ആറിലേക്ക് മാറ്റി.
സ്വകാര്യത സംബന്ധിച്ച വാട്സ്ആപ് കേസ് ഏപ്രില്‍ അഞ്ചിനാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ടത്. വ്യക്തിപരമായ ആശയവിനിമയങ്ങള്‍ വാണിജ്യാവശ്യത്തിന് പങ്കുവെക്കാൻ കരാറുണ്ടാക്കുക വഴി വാട്സ്ആപും ഫേസ്ബുക്കും 15.7 കോടി ഇന്ത്യക്കാരുടെ സ്വകാര്യത ഹനിച്ചു എന്നാണ് ഹരജിക്കാരുടെ പരാതി. വാട്സ്ആപ് പോലുള്ള ഇൻറർനെറ്റ് മെസേജിങ് ആപ്പുകളെ നിയന്ത്രണ പരിധിയില്‍ കൊണ്ടുവരാനാകുമോ എന്ന് പരിശോധിക്കാന്‍ ‘ട്രായി’യോട് കോടതി ആവശ്യപ്പെട്ടിരുന്നു. വാട്സ്ആപ്പിെൻറ പുതിയ സ്വകാര്യ നയം നിലവില്‍വന്ന 2016 സെപ്റ്റംബര്‍ 25 വരെയുള്ള വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെക്കുന്നത് ഡല്‍ഹി ഹൈകോടതി വിലക്കിയിരുന്നു. സെപ്റ്റംബര്‍ 25ന് മുമ്പ് വാട്സ്ആപ്പില്‍നിന്ന് വിട്ടുപോയവരുടെ വിവരങ്ങള്‍ മായ്ച്ചുകളയണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.