ബംഗളൂരു: പ്രതിപക്ഷ നേതാക്കളിൽ എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജഞയിൽ പങ്കെടുക്കാത്തവരിൽ പ്രമുഖനാണ് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ഗാന്ധിമാരോടോപ്പം വേദി പങ്കിടാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചടങ്ങ് ഒഴിവാക്കിയത്. അതിൽ നിന്നും തീർത്തും വ്യത്യസ്തമായ കാരണത്താലാണ് നവീൻ പടിനായിക്കിന്‍റെ ഒഴിഞ്ഞുനിൽക്കൽ. മോദി സർക്കാരിന്‍റെ ശത്രുത പിടിച്ചുപറ്റാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് നവീൻ ചടങ്ങിനെത്താതെന്നാണ് സൂചന.
പ്രതിപക്ഷത്തിന്‍റെ ഒത്തുചേരൽ കൂടിയായാണ് എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങ് കണക്കാക്കപ്പെടുന്നത്. ആ നിലക്ക് മോദിയുടെ ശത്രുപക്ഷത്ത് നിലയുറപ്പിക്കാൻ നവീൻ പട്നായിക്കിന് താൽപര്യമില്ല.
2019ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിതര കോൺഗ്രസിതര ഫെഡറൽ ഫ്രണ്ടിന് വേണ്ടി മമത ബാനർജിക്കൊപ്പം പ്രവർത്തിക്കുന്നയാളാണ് കെ. ചന്ദ്രശേഖര റാവു. തെലങ്കാനയിലെ പ്രതിപക്ഷമായ കോൺഗ്രസിനോടൊപ്പം വേദി പങ്കിടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഇന്നലെ ബംഗളുരുവിലെത്തി കുമാരസ്വാമിയെ കണ്ട് ആശംസകളറിയിച്ച് ഹൈദരാബാലേക്ക് തിരിക്കുകയായിരുന്നു കെ.സി.ആർ.
മെയ് ആദ്യവാരം ഭുവനേശ്വർ സന്ദർശിക്കാൻ ഒഡിഷയിലെത്തിയ കെ.സി.ആർ, നവീൻ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ ഒരു സന്ദേഹത്തിനും ഇടം കൊടുക്കാത്ത വിധം നവീൻ പട്നായിക്ക് ആ വാർത്ത നിഷേധിച്ചു. 'തെലങ്കാന മുഖ്യമന്ത്രി പുരിയിൽ തീർഥാടനം നടത്താനാണ് എത്തുന്നതെന്നാണ് ഞാൻ കരുതുന്നത്. ഇവിടെയെത്തുമ്പോൾ അദ്ദേഹം എന്നെ ടെലിഫോണിൽ ബന്ധപ്പെടുമെന്നും കരുതുന്നു'- എന്നാണ് അദ്ദേഹം അതേക്കുറിച്ച് പറഞ്ഞത്. പക്ഷെ മര്യാദയുടെ പേരിൽ പോലും അങ്ങനെയൊരു ഫോൺകോൾ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.